ഗ്രൗണ്ടിലിറങ്ങിയത് ലാലേട്ടന്റെ ആറ്റിറ്റ്യൂഡിൽ...; ഏതു റോളും ചെയ്യാൻ തയാർ: സഞ്ജു
Wednesday, October 1, 2025 12:01 AM IST
ഷാർജ: ഏഷ്യ കപ്പിൽ സമ്മർദങ്ങളെ അവസരങ്ങളായാണ് താൻ കണ്ടതെന്ന് മലയാളി താരം സഞ്ജു സാംസണ്.
ഇതുവരെയുള്ള കരിയറിൽ അതിനായുള്ള അനുഭവസന്പത്ത് നേടിയിട്ടുണ്ടെന്നും സമ്മർദങ്ങളെ അതിജീവിക്കുന്നതിനുള്ള പരിശീലനം കിട്ടിയിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. ടീമിനായി ഏത് പൊസിഷനിലും കളിക്കാൻ താൻ തയാറായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
ഫൈനലിലെ റോൾ സംബന്ധിച്ച ചോദ്യത്തിന് ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് ആണ് അതിനോട് എടുത്തത് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്ന റോൾ ചെയ്യുക എന്നതാണ് പ്രധാനം.
ഏഷ്യ കപ്പിൽ ആരാധകർ നൽകിയ പിന്തുണയിൽ വലിയ സന്തോഷമുണ്ടെന്നും നന്നായി കളിക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും സഞ്ജു വ്യക്തമാക്കി.
ഫൈനലിൽ 21 പന്തിൽ 24 റണ്‍സെടുത്ത സഞ്ജു തിലക് വർമക്കൊപ്പം 57 റണ്‍സ് കൂട്ടുകെട്ടുയർത്തി ഇന്ത്യയെ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയിരുന്നു.
സഞ്ജു വീണ്ടും ഏകദിന ടീമിലേക്ക്!
ട്വന്റി20 ടീമിൽ സ്ഥാനം ഉറപ്പാക്കിയ സഞ്ജു സാംസണെ ഇന്ത്യയുടെ ഏകദിന ടീമിലേക്കും പരിഗണിക്കുന്നു. അഭിഷേക് ശർമയ്ക്കും ഏകദിന ടീമിൽ അവസരം കിട്ടുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരേയാണ് ഇനി ഏകദിന പരന്പര കളിക്കുക.
ഒക്ടോബർ 19, 23, 25 തീയതികളിൽ നടക്കുന്ന ഏകദിന പരന്പരയിലേക്കാണ് സഞ്ജു സാംസണെയും ഓപ്പണർ അഭിഷേക് ശർമയെയും സെലക്ടർമാർ പരിഗണിക്കുക്കുക എന്നാണ് സൂചന.ബാറ്റിംഗ് നിരയിൽ എവിടെയും കളിപ്പിക്കാമെന്ന മികവാണ് സഞ്ജുവിനെ പരിഗണിക്കുന്നത്.
ഫീൽഡറായും മികവ് തെളിയിക്കാൻ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കതിരേഅവസാനം കളിച്ച ഏകദിനത്തിൽ സഞ്ജു സെഞ്ചുറി നേടിയിരുന്നു. എന്നാൽ പിന്നീട് സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.
രോ-കോ നിർണായകം
ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിലേക്ക് തിരിച്ചെത്തും. ഓസ്ട്രേലിയയിൽ കോഹ്ലിയുടെയും രോഹിത്തിന്റെയും അവസാന പരന്പര ആയിരിക്കുമിത്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇരുവരുടെയും ഭാവി നിശ്ചയിക്കുന്നതും ഈ പരന്പരയായിരിക്കും.