പ്രൈം വോളിബോൾ; ലീഗ് നാലാം സീസണിന് നാളെ തുടക്കം
Wednesday, October 1, 2025 12:01 AM IST
ഹൈദരാബാദ്: പ്രൈം വോളിബോൾ ലീഗ് നാലാം സീസണിന് നാളെ തുടക്കം. സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ കാലിക്കട്ട് ഹീറോസും ഹൈദരാബാദ് ബ്ലാക്ക് ഹോക്സും ഏറ്റുമുട്ടും.
26 വരെ ഹൈദരാബാദ് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ 21 ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ 38 മത്സരങ്ങളാണ് നടക്കുക. ലീഗിലെ പുതിയ ടീമായി ഗോവ ഗാർഡിയൻസ് കൂടി വന്നതോടെ ഫ്രാഞ്ചൈസികളുടെ എണ്ണം പത്തായി.
ടീമുകളെ രണ്ട് പൂളുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങൾ. ഗോവ ഗാർഡിയൻസ്, ചെന്നൈ ബ്ലിറ്റ്സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, ബംഗളൂരു ടോർപ്പിഡോസ്, കോൽക്കത്ത തണ്ടർബോൾട്ട്സ് എന്നിവരാണ് പൂൾ എ-യിലുള്ളത്.
ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ഡൽഹി തൂഫാൻസ്, അഹമ്മദാബാദ് ഡിഫൻഡേഴ്സ്, മുംബൈ മിറ്റിയോർസ്, കാലിക്കട്ട് ഹീറോസ് ടീമുകളാണ് ബി പൂളിൽ. ഓരോ ടീമും ലീഗ് ഘട്ടത്തിൽ ഏഴ് മത്സരങ്ങൾ കളിക്കും. പോയിന്റ് ടേബിളിലെ ആദ്യ നാല് ടീമുകൾ ഒക്ടോബർ 24ന് നടക്കുന്ന സെമിഫൈനലിലേക്ക് മുന്നേറും. ഒക്ടോബർ 26നാണ് ഫൈനൽ.
തുല്യശക്തികളുടെ പോരാട്ടമാണ് സീസണിൽ പ്രതീക്ഷിക്കുന്നത്. കിരീടം നിലനിർത്താൻ ശ്രമിക്കുന്ന കാലിക്കട്ട് ഹീറോസ് തന്നെയാണ് ഈ സീസണിലെയും ശ്രദ്ധാകേന്ദ്രം. എന്നാൽ കഴിഞ്ഞ സീസണ് ഫൈനലിൽ കാലികക്കട്ടിനോട് തോറ്റ ഡൽഹി തൂഫാൻസ് ഉൾപ്പെടെ ശക്തമായ വെല്ലുവിളിയുയർത്തും.
മുൻ സീസണുകളിൽ നിരാശപ്പെടുത്തിയ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഇത്തവണ ഇന്ത്യൻ താരം വിനീത് കുമാറിന്റെ ക്യാപ്റ്റൻസിയിലാണ് കോർട്ടിലിറങ്ങുന്നത്. മിഡിൽ ബ്ലോക്കർ ജസ്ജോധ് സിംഗ് ഉൾപ്പെടെ മികച്ച ആഭ്യന്തര-വിദേശ താരങ്ങളും ടീമിനൊപ്പമുണ്ട്. ആതിഥേയരായ ഹൈദരാബാദും ശക്തമായ സ്ക്വാഡിനെയാണ് ഇറക്കുന്നത്. അമേരിക്കൻ സെറ്റർ മാറ്റ് വെസ്റ്റിനെ ക്യാപ്റ്റനായി നിയമിച്ച് ബംഗളൂരു ടോർപ്പിഡോസും ലക്ഷ്യം വ്യക്തമാക്കി.
ആദ്യസീസണിലെ ചാന്പ്യൻമാരായ കോൽക്കത്ത തണ്ടർബോൾട്ട്സ് തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ടീം നിരാശപ്പെടുത്തി. ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ അണിനിരക്കുന്ന മുംബൈ മിറ്റിയോർസും കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
സ്ഥിരതയാർന്ന പ്രകടനം നടത്താറുള്ള അഹമ്മദാബാദ് ഡിഫൻഡേഴ്സ് മുന്നേറാനുള്ള ദൗത്യം തുടരും. അതേസമയം മുൻ കാലിക്കറ്റ് താരമായ ജെറോം വിനീതിനെ കളത്തിലിറക്കിയാണ് ചെന്നൈ ബ്ലിറ്റ്സ് പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യൻ താരം ചിരാഗ് യാദവിന്റെ നേതൃത്വത്തിലായിരിക്കും ഗോവ ഗാർഡിയൻസിന്റെ പ്രൈം വോളി അരങ്ങേറ്റം.
സോണി നെറ്റ്വര്ക്കിന് പുറമേ പ്രൈം വോളിബോളിന്റെ യൂട്യൂബ് പേജിലും നാലാം സീസണ് മത്സരങ്ങൾ തത്സമയം കാണാം.
സീസണിന് മുന്നോടിയായുള്ള ടീം ക്യാപ്റ്റൻമാരുടെ ഫോട്ടോസെഷൻ ഇന്ന് നടക്കും. ടീം ക്യാപ്റ്റൻമാർക്ക് പുറമേ, പിവിഎൽ സിഇഒ ജോയ് ഭട്ടാചാര്യ, ബേസ്ലൈന് വെഞ്ചേഴ്സ് എംഡിയും സഹസ്ഥാപകനുമായ തുഹിൻ മിശ്ര, ടൈറ്റിൽ സ്പോണ്സർമാരായ ആർ.ആർ. കാബെൽ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.