വിന്നിംഗ് സ്റ്റാര്‍ട്ട്! വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ജയം
Wednesday, October 1, 2025 12:01 AM IST
ഗുവാഹത്തി: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഹർമൻപ്രീത് കൗറും സംഘവും ഉദ്ഘാടന മത്സരത്തിൽ ജയത്തോടെ തുടക്കം കുറിച്ചു. 271 റണ്‍സ് വിജയലക്ഷ്യം കുറിച്ച ഇന്ത്യ 211 റണ്‍സിന് എതിരാളികളായ ശ്രീലങ്കയെ എറിഞ്ഞുവീഴ്ത്തി.
മഴ മൂലം 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 269 റണ്‍സാണെടുത്തത്. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്കയുടെ വിജയലക്ഷ്യം 271 റണ്‍സായി പുനർനിർണയിക്കുകയായിരുന്നു. സ്കോർ: ഇന്ത്യ: 47 ഓവറിൽ 269/8. ശ്രീലങ്ക: 45.3 ഓവറില്‍ 211.
പതിയെ തുടങ്ങി
ഇന്ത്യൻ ഇന്നിംഗ്സിന് പ്രതിക റാവലും (37) സൂപ്പർ താരം സ്മൃതി മന്ദാനയും (8) ചേർന്ന് കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ സ്കോർ പതിനാല് റണ്‍സിൽ നിൽക്കേ സ്മൃതി മന്ദാന പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യ 20 ഓവറിൽ സ്കോർ മെല്ലെ ചലിപ്പിച്ച ഇന്ത്യ പിന്നീടുള്ള 27 ഓവറുകളിൽ തകർത്തടിച്ചു.
ഈ ഓവറുകളിൽ റണ്‍റേറ്റ് ശരാശരി ആറിന് മുകളിൽ നിർത്താൻ ഇന്ത്യക്കായി. അമൻജ്യോത് കൗർ (57), ദീപ്തി ശർമ (53) എന്നിവർ അർധസെഞ്ചുറികളുമായി നിർണായക ഘട്ടത്തിൽ തിളങ്ങി. ഹർലീൻ ഡിയോൾ 48 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (21) ഭേദപ്പെട്ട പ്രകടനം നടത്തി. ശ്രീലങ്കയ്ക്കു വേണ്ടി ഇനോക രണവീര നാലു വിക്കറ്റും ഉദേശിക പ്രബോധനി രണ്ടുവിക്കറ്റും വീഴ്ത്തി.
ലങ്കൻ മറുപടി
വെടിക്കെട്ട് തുടക്കമാണ് ലങ്കയ്ക്ക് ലഭിച്ചത്. ഹസിനി പെരേരയും (14) ചമരി അട്ടപ്പട്ടുവും (43) ഇന്ത്യൻ പേസർമാരെ ആത്മവിശ്വാസത്തോടെ നേരിട്ടു. 30 റണ്‍സിൽ ആദ്യ വിക്കറ്റ് വീണു. പിന്നാലെയെത്തിയ ഹർഷിത സമരവിക്രമ (29) സ്കോർ 14.6 ഓവറിൽ 82ൽ എത്തിച്ചു. ഹർഷിത മടങ്ങുന്പോൾ ലങ്ക മികച്ച നിലയിലായിരുന്നു. പിന്നീട് ഇന്ത്യൻ ബൗളർമാർ കളി കൈപിടിയിലാക്കിയതോടെ ലങ്കൻ വിക്കറ്റുകൾ തുടരേ വീണു.
ഇന്ത്യക്കുവേണ്ടി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സ്നേഹ് റാണ, ശ്രീ ചരണി എന്നിവര്‍ രണ്ടു വീതവും ക്രാന്തി ഗൗഡ്, അമന്‍ജ്യോത് കൗര്‍, പ്രതിക റാവല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മഴ മൂലം വൈകിത്തുടങ്ങിയ മത്സരം ആദ്യം 48 ഓവറായും പിന്നീട് 47 ഓവറായും ചുരുക്കുകയായിരുന്നു.
ലേഡീസ് ഒണ്‍ലി:
ഇന്ത്യയും ശ്രീലങ്കയും ആതിഥ്യമരുളുന്ന 2025 ഐസിസി വനിതാ ക്രിക്കറ്റ് വേൾഡ് കപ്പിന് ഇത്തവണ സവിശേഷതകൾ ഏറെയാണ്. മത്സരങ്ങൾ നിയന്ത്രിക്കുന്ന മുഴുവൻ അന്പയർമാരും മാച്ച് റഫറിമാരും സ്ത്രീകളാണ്.
കൂടാതെ സ്ത്രീകൾ നിറഞ്ഞ കമന്ററി ബോക്സും പുതിയൊരു അടയാളപ്പെടുത്തലാണ്.