ഇന്ത്യയിലേക്ക് വരുന്നത് അഭിമാനം: മെസി
Friday, October 3, 2025 1:58 AM IST
ബുവാനോസ് ആരീസ്: ഈ വര്‍ഷം അവസാനം ഇന്ത്യയിലേക്ക് എത്തുന്നത് സ്ഥിരീകരിച്ച് അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി.
ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025നായി ഇന്ത്യയില്‍ എത്തുന്നതു സ്ഥിരീകരിച്ച മെസി, ഫുട്ബോളിനെ പ്രണയിക്കുന്ന ഇന്ത്യയിലേക്ക് എത്തുന്നത് അഭിമാനകരമാണെന്നും വ്യക്തമാക്കി. നീണ്ട 14 വര്‍ഷത്തിനുശേഷമാണ് മെസി ഇന്ത്യയിലേക്ക് എത്തുന്നത്. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി രണ്ടു തവണ മെസി ഇന്ത്യ സന്ദര്‍ശിക്കുമെന്നതാണ് ശ്രദ്ധേയം.
മെസിയുടെ വാക്കുകള്‍
“ഈ ട്രിപ്പ് എന്നെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. ഇന്ത്യ പ്രത്യേകതകള്‍ നിറഞ്ഞ രാജ്യമാണ്. 14 വര്‍ഷം മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചതിന്റെ ഊഷ്മളമായ ഓര്‍മകള്‍ ഇന്നും എനിക്കുണ്ട്. ഉജ്വല ആരാധകരുള്ള ഫുട്ബോളിനെ പ്രണയിക്കുന്ന നാടാണ് ഇന്ത്യ. ഫുട്ബോളിനെ സ്നേഹിക്കുന്ന പുതിയ തലമുറക്കാരെ കാണാനുള്ള അവസരമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്’’- മെസി വ്യക്തമാക്കി.
ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതു സംബന്ധിച്ച് ആദ്യമായാണ് മെസി സ്ഥിരീകരണം നടത്തുന്നത്. ഡിസംബര്‍ 13 മുതല്‍ 15വരെയായി കോല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളില്‍ മെസി സന്ദര്‍ശനം നടത്തും. ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതോടെയാണ് മെസിയുടെ ഇന്ത്യ സന്ദര്‍ശനം അവസാനിക്കുന്നത്.
ഈ പര്യടനത്തിനിടെ മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന ഫുട്ബോളില്‍ മെസി പങ്കെടുക്കും. ഗോട്ട് കണ്‍സേര്‍ട്ട്, ഗോട്ട് കപ്പ് തുടങ്ങിയ പരിപാടികളും ഷെഡ്യൂളില്‍ ഉണ്ട്.
ഇന്ത്യന്‍ കായിക ഇതിഹാസങ്ങളായ സൗരവ് ഗാംഗുലി, ബൈചുംഗ് ബൂട്ടിയ, ലിയാന്‍ഡര്‍ പെയ്സ് തുടങ്ങിയവര്‍ക്കൊപ്പം മെസി തോളോടുതോള്‍ ചേരും. ദുര്‍ഗ പൂജ ആഘോഷത്തിന്റെ ദിനങ്ങളില്‍ മെസിയുടെ 25 അടി ഉയരമുള്ള പ്രതിമ അനച്ഛാദനം ചെയ്യാനും സംഘാടകര്‍ തയാറെടുക്കുന്നുണ്ട്. മുംബൈയിലാണ് ഗോട്ട് കപ്പ് അരങ്ങേറുന്നത്. ബോളിവുഡ് താരം ഷാരുഖ് ഖാന്, ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി തുടങ്ങിയവരുള്‍പ്പെടുന്ന താരനിരയാണ് മെസിക്കൊപ്പം കളിക്കുക.
നവംബറില്‍ കേരളത്തില്‍
ഡിസംബറില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതാണ് മെസി നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം എത്തുന്നതെന്നും വ്യക്തം. അതേസമയം, നവംബറില്‍ അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീം കേരളത്തില്‍ സൗഹൃദ മത്സരം കളിക്കാന്‍ എത്തുന്നുണ്ട്. ഇക്കാര്യം അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് സ്ഥിരീകരിച്ചതാണ്.
അര്‍ജന്റീനയുടെ ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയിലെ മത്സരങ്ങള്‍ക്കായാണ് ടീം കേരളത്തില്‍ എത്തുക. നവംബര്‍ 10നും 18നും ഇടയിലായിരിക്കും കേരളത്തില്‍ എത്തുക എന്നാണ് വിവരം.
ലിയോണല്‍ സ്കലോനി പരിശീലിപ്പിക്കുന്ന അര്‍ജന്റീനയുടെ എതിരാളികള്‍ ആരായിരിക്കും എന്നത് ഇതുവരെ തീരുമാനമായിട്ടില്ല. ഓസ്ട്രേലിയ ആയിരിക്കും എതിരാളി എന്ന് അഭ്യൂഹമുണ്ട്. അതുപോലെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അര്‍ന്റൈന്‍ പ്രതിനിധി പരിശോധന നടത്തിയിരുന്നു. മെസി കേരളത്തില്‍ എത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.
അങ്ങനെയെങ്കില്‍ നവംബറിലും ഡിസംബറിലും മെസിയുടെ കാല്‍പ്പാദം ഇന്ത്യയില്‍ പതിയും...