സ്വീറ്റ് ഹോം...വിന്‍ഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ കുതിക്കുന്നു
Friday, October 3, 2025 1:58 AM IST
അഹമ്മദാബാദ്: ഇംഗ്ലണ്ട് പര്യടനത്തിലൂടെ വീരപരിവേഷത്തിലേക്ക് ഉയര്‍ന്ന, ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ആദ്യ ഹോം പരമ്പരയ്ക്കു തേനൂറും തുടക്കം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 44.1 ഓവറില്‍ 162 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സിനായി ക്രീസില്‍ എത്തിയ ഇന്ത്യ, ആദ്യദിനം മത്സരം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് ഇന്ത്യക്കിനി വേണ്ടിയത് വെറും 42 റണ്‍സ്.
രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഉള്‍പ്പെട്ട ഇന്ത്യ, കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനോട് 3-0നു നാണംകെട്ടതിനു ശേഷമുള്ള ആദ്യ ഹോം ടെസ്റ്റ് പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരേ ഇന്നലെ ആരംഭിച്ചതെന്നതാണ് ശ്രദ്ധേയം. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍വച്ച് ഇംഗ്ലീഷ് ടീമിനെ ഞെട്ടിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കണ്ടത്.
സിറാജ് - ബുംറ
ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ പേസിനെ മുന്നില്‍നിന്നു നയിച്ച മുഹമ്മദ് സിറാജായിരുന്നു ഇന്നലെ വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 14 ഓവറില്‍ 40 റണ്‍സ് വഴങ്ങിയ സിറാജ് നാല് വിക്കറ്റ് സ്വന്തമാക്കി. സിറാജിന് ഒപ്പം ബുംറയും (14 ഓവറില്‍ 42 റണ്‍സിന് മൂന്നു വിക്കറ്റ്) പേസ് ആക്രമണത്തിനു കൊഴുപ്പേകി. അതോടെ ഇന്ത്യന്‍ പേസര്‍മാര്‍ ഏഴ് വിക്കറ്റ് പങ്കിട്ടു. ശേഷിച്ച മൂന്നു വിക്കറ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും (രണ്ട്) വാഷിംഗ്ടണ്‍ സുന്ദറും പങ്കിട്ടു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കുല്‍ദീപ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കുന്നത്.
ജസ്റ്റിന് ഗ്രീവ്സ് (32) ആയിരുന്നു വിന്‍ഡീസ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ഷായ് ഹോപ്പ് (26), ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് (24) എന്നിവരും പൊരുതി നോക്കി.
കെ.എല്‍. ഫിഫ്റ്റി
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിനിടെ മഴ ചെറിയ തടസം സൃഷ്ടിച്ചു. എന്നാല്‍, യശസ്വി ജയ്സ്വാള്‍ (36), കെ.എല്‍. രാഹുല്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 68 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്. എന്നാല്‍, മൂന്നാം നമ്പറായി ക്രീസില്‍ എത്തിയ സായ് സുദര്ശന് (7) വേഗത്തില്‍ മടങ്ങി. 2008ല്‍ സൗരവ് ഗാംഗുലിക്കുശേഷം ഇന്ത്യയുടെ ഹോം മത്സരത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ ആദ്യ ഇടംകൈ ബാറ്ററാണ് സായ് സുദര്ശന്.
നേരിട്ട 101-ാം പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ കെ.എല്‍. രാഹുല്‍ 114 പന്തില്‍ 53 റണ്‍സുമായി ക്രീസില്‍ തുടരുന്നു. രാഹുലിന്റെ 26-ാം ടെസ്റ്റ് ഫിഫ്റ്റിയാണ്. 42 പന്തില്‍ 18 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആണ് ഒന്നാംദിനം അവസാനിച്ചപ്പോള്‍ രാഹുലിനൊപ്പം ക്രീസില്‍.
സ്കോർ ബോർഡ്
വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിംഗ്സ്: ജോണ്‍ കാംബല്‍ സി ജുറെല്‍ ബി ബുംറ 8, ടാഗ്നരെയ്ന് ചന്ദര്‍പോള്‍ സി ജുറെല്‍ ബി സിറാജ് 0, അലിക് അത്തനാസെ സി രാഹുല്‍ ബി സിറാജ് 12, ബ്രണ്ടന്‍ കിംഗ് ബി സിറാജ് 13, ചേസ് സി ജുറെല്‍ ബി സിറാജ് 24, ഹോപ്പ് ബി കുല്‍ദീപ് 26, ഗ്രീവ്സ് ബി ബുംറ 32, ഖാരി പിയറി എല്‍ബിഡബ്ല്യു ബി വാഷിംഗ്ടണ്‍ 11, ജോമെല്‍ വാരികന്‍ സി ജുറെല്‍ ബി കുല്‍ദീപ് 8, ജൊഹാന്‍ ലെയ്ന്‍ ബി ബുംറ 1, ജെയ്ഡന്‍ സീല്‍സ് നോട്ടൗട്ട് 6, എക്സ്ട്രാസ് 21, ആകെ 44.1 ഓവറില്‍ 162.
വിക്കറ്റ് വീഴ്ച: 1-12, 2-20, 3-39, 4-42, 5-90, 6-105, 7-144, 8-150, 9-153, 10-162.
ബൗളിംഗ്: ബുംറ 14-3-42-3, സിറാജ് 14-3-40-4, നിതീഷ് കുമാര്‍ റെഡ്ഡി 4-1-16-0, ജഡേജ 3-0-15-0, കുല്‍ദീപ് 6.1-0-25-2, വാഷിംഗ്ടണ്‍ 3-0-9-1.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാള്‍ സി ഹോപ്പ് ബി സീല്‍സ് 36, രാഹുല്‍ നോട്ടൗട്ട് 53, സായ് എല്‍ബിഡബ്ല്യു ബി ചേസ് 7, ഗില്‍ നോട്ടൗട്ട് 18, എക്സ്ട്രാസ് 7, ആകെ 38 ഓവറില്‍ 121/2.
വിക്കറ്റ് വീഴ്ച: 1-68, 2-90.
ബൗളിംഗ്: സീല്‍സ് 8-2-21-1, ലെയ്ന്‍ 6-0-14-0, ഗ്രീവ്സ് 4-2-19-0, വാരികന്‍ 6-2-21-0, പിയറി 9-0-25-0, ചേസ് 5-0-16-1.
ജസ്പ്രീത് ബുംറ 50
സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ മണ്ണില്‍ 50 ടെസ്റ്റ് വിക്കറ്റ് തികച്ചു. ഇന്നലെ മൂന്നു വിക്കറ്റ് വീഴ്ത്തിയതോടെയാണിത്. ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കുറവ് പന്തില്‍ 50 വിക്കറ്റ് നേടുന്ന റിക്കാര്‍ഡും ബുംറ സ്വന്തമാക്കി; 1747 പന്ത്. ഏറ്റവും കുറവ് ഇന്നിംഗ്സില്‍ 50 വിക്കറ്റ് നേടുന്ന പേസര്‍മാരില്‍ ജവഗല്‍ ശ്രീനാഥിന് (24 ഇന്നിംഗ്സ്) ഒപ്പവും ബുംറ എത്തി. ഓസ്ട്രേലിയയിലും (23 ഇന്നിംഗ്സില്‍ 64), ഇംഗ്ലണ്ടിലും (22 ഇന്നിംഗ്സില്‍ 51) ബുംറ നേരത്തേ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.