ബാഴ്സയില്‍ വീണ്ടും പിഎസ്ജി
Friday, October 3, 2025 1:58 AM IST
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നു (പിഎസ്ജി) തുടര്‍ച്ചയായ രണ്ടാം ജയം. സ്പാനിഷ് കരുത്തരായ ബാഴ്സലോണയെ അവരുടെ തട്ടകത്തില്ച്ച് പിഎസ്ജി 2-1നു കീഴടക്കി.
ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു ബാഴ്സയുടെ തോല്‍വി. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ 52 മത്സരങ്ങളില്‍ ആദ്യം ഗോള്‍ നേടിയ ശേഷം ബാഴ്സലോണ പരാജയപ്പെടുന്ന മൂന്നാം മത്സരമാണ്. ഈ മൂന്നു തോല്‍വിയും പിഎസ്ജിയോടാണെന്നത് ബാഴ്സയുടെ നാണക്കേട് ഇരട്ടിപ്പിച്ചു. ഫെറാന്‍ ടോറസ് (19’) ബാഴ്സയ്ക്കു ലീഡ് നല്കി. എന്നാല്‍, സെന്നി മയൂലു (38’), ഗോണ്‍സാലോ റാമോസ് (90’) എന്നിവരിലൂടെ പിഎസ്ജി ജയം സ്വന്തമാക്കി.
റയല്‍, ബയേണ്‍
ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെയുടെ ഹാട്രിക്ക് (25’ പെനാല്‍റ്റി, 52’, 73’) ബലത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് 5-0ന് കസാക്കിസ്ഥാനില്നിന്നുള്ള കൈരത് അല്‍മാട്ടിയെ തകര്‍ത്തു.
ഇംഗ്ലീഷ് താരം ഹാരി കെയ്ന്റെ ഇരട്ട ഗോള്‍ ബലത്തില്‍ ജര്‍മന്‍ ടീമായ ബയേണ്‍ മ്യൂണിക് 5-1ന് സൈപ്രൈസ് ക്ലബ്ബായ പഫോസിനെ തോല്‍പ്പിച്ചു.
നിലവിലെ ഫൈനലിസ്റ്റുകളായ ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാന് 2-1ന് സ്ലാവിയ പ്രാഗിനെയും ഇംഗ്ലീഷ് ക്ലബ് ചെല്‍സി 1-0ന് ബെന്‍ഫികയെയും അത് ലറ്റിക്കോ മാഡ്രിഡ് 5-1ന് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെയും കീഴടക്കി. ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ 2-0ന് ഒളിമ്പിയാകസിനെ തോല്‍പ്പിച്ചു.
ലിവര്‍പൂള്‍, മാഞ്ചസ്റ്റർ സിറ്റി
ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ എഫ്സി അപ്രതീക്ഷിത തോല്‍വി വഴങ്ങി. തുര്‍ക്കി ക്ലബ്ബായ ഗലറ്റ്സറെയോട് 1-0ന് എവേ പോരാട്ടത്തില്‍ ലിവര്‍പൂള്‍ പരാജയപ്പെട്ടു. മറ്റൊരു ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഫ്രഞ്ച് ടീമായ എഎസ് മൊണാക്കോ 2-2നു സമനിലയില്‍ തളച്ചു. യുവന്റസും വിയ്യാറയലും 2-2 സമനിലയില്‍ പിരിഞ്ഞു.