2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത്
Saturday, October 4, 2025 12:48 AM IST
ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമായി ഫിഫ 2026ന്റെ ഭാഗ്യചിഹ്നങ്ങളുടെ പിന്നാലെ ഔദ്യോഗിക പന്തും എത്തി. ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് ഫിഫ ഈ രണ്ട് കാര്യങ്ങളും പുറത്തുവിട്ടത്. 2026 ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ഇന്നലെ അനാവരണം ചെയ്യപ്പെട്ടു.
അഡിഡാസ് നിര്‍മിക്കുന്ന പന്തിന്റെ പേര് ട്രിയോണ്ട എന്നാണ്. ആതിഥേയ രാജ്യങ്ങളായ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവയെ പ്രതിനിധീകരിച്ചുള്ള ഡിസൈനിലാണ് ട്രിയോണ്ട രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മൂന്നു രാജ്യങ്ങളെയും പ്രതിനിധീകരിച്ചുള്ള മൂന്നു ഭാഗ്യചിഹ്നങ്ങള്‍ കഴിഞ്ഞ മാസം അവസാനം ഫിഫ പുറത്തുവിട്ടിരുന്നു. 2026 ജൂണ്‍ 11ന് ആരംഭിക്കുന്ന ലോകകപ്പിലേക്ക് എട്ട് മാസത്തിന്റെ അകലം മാത്രമാണുള്ളത്.
അമേരിക്കയെ പ്രതിനിധീകരിച്ച് ക്ലച്ച് എന്നു പേരിട്ടിരിക്കുന്ന മൊട്ടത്തലയനായ പരുന്ത്, മെക്സിക്കോയെ പ്രതിനിധീകരിച്ച് സായു എന്ന ജാഗ്വാര്‍, കാനഡയെ പ്രതിനിധീകരിച്ച് മേപ്പിള്‍ എന്ന മൂസ് എന്നിവയാണ് ഭാഗ്യചിഹ്നങ്ങള്‍.
ചുവപ്പ്, നീല, പച്ച
ആതിഥേയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ചുവപ്പ്, നീല, പച്ച നിറങ്ങളാല്‍ തീര്‍ത്ത ഡിസൈനാണ് ട്രിയോണ്ടയുടെ പ്രത്യേകത. ട്രി- മൂന്ന്, ഓണ്ട - തരംഗം എന്ന അര്‍ഥങ്ങളും ഇതിനു പിന്നിലുണ്ട്. കാനഡയെ പ്രതിനിധാനം ചെയ്ത് മേപ്പിള്‍ ഇല, മെക്സിക്കോയുടെ പ്രാതിനിധ്യമായി പരുന്ത്, അമേരിക്കയെ പ്രതിനിധീകരിച്ച് നക്ഷത്രം എന്നിവയാണ് ഡിസൈനില്‍ ഉള്ളത്. മൂന്നു രാജ്യങ്ങളും തമ്മിലുള്ള ഐക്യം കാണിക്കാനായി ത്രികോണം.
പ്രത്യേകതകള്‍
വായുവില്‍ നിയന്ത്രണം: പന്തിന് ആഴത്തിലുള്ള സീമുകളുണ്ട്. വായുവിലൂടെ പ്രവചനാതീതമായ ചലനം കുറയ്ക്കാന്‍ ഇത് ഉപയോഗപ്രദമാണ്.
ഗ്രിപ്പ്, തീവ്രത: നനഞ്ഞതോ ഈര്‍പ്പമുള്ളതോ ആയ സാഹചര്യങ്ങളില്‍ മികച്ച നിയന്ത്രണം നല്കാന് ഉപകരിക്കത്തക്കതായ എംബോസ്ഡ് ഐക്കണുകള്‍ ഇതിന്റെ ഉപരിതലത്തില്‍ ഉണ്ട്.
മോഷന്‍ സെന്‍സര്‍ ചിപ്പ്: കൃത്യമായ ഡാറ്റ പിടിച്ചെടുക്കുന്നതിന് പന്തില്‍ മോഷന്‍ സെന്‍സര്‍ ചിപ്പ് ഉള്‍ച്ചേര്‍ത്തിരിക്കുന്നു. വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആര്‍) അവലോകനങ്ങള്‍ക്കുള്ള വിവരങ്ങള്‍ ഇതിലൂടെ നല്‍കും. റഫറിമാരെ കൂടുതല്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു.
കുറഞ്ഞ പാനല്‍ എണ്ണം: ട്രിയോണ്ടയില്‍ നാല് പാനലുകള്‍ മാത്രമേ ഉള്ളൂ. ഇത് ലോകകപ്പ് പന്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പാനല്‍ എണ്ണമാണ്. ഈ നിര്‍മ്മാണം കുറഞ്ഞ തുന്നലിനും സുഗമമായ പ്രതലത്തിനും കാരണമാകുന്നു. ഇത് പിച്ചില്‍ കൂടുതല്‍ നിയന്ത്രണത്തിനു സഹായകമാകും.
1. മൂന്നു രാജ്യം, ഒരു ഐക്കണ്‍
നീല, ചുവപ്പ്, പച്ച തിരമാലകള്‍. നക്ഷത്രം (അമേരിക്ക), മേപ്പിള്‍ ഇല (കാനഡ), കഴുകന് (മെക്സിക്കോ) ചിഹ്നങ്ങള്‍ സംയോജിപ്പിച്ച് മൂന്ന് ആതിഥേയ രാജ്യങ്ങളുടെയും പ്രതിനിധീകരിക്കുന്നു.
2. ഉയര്‍ന്ന ഫിഫ റേറ്റിംഗ്
ഏറ്റവും ഉയര്‍ന്ന ഫിഫ റേറ്റിംഗ്. ഭാരം, ജല ആഗിരണം, ആകൃതി, വലുപ്പം നിലനിര്‍ത്തല്‍ എന്നിവയിലെ പരീക്ഷണങ്ങളില്‍ ഈ പ്രോ ബോള്‍ ഇതുവരെയുള്ള ലോകകപ്പ് പന്തുകളേക്കാള്‍ മുന്നില്‍.