കെ.എല്‍. രാഹുല്‍, ധ്രുവ് ജുറെല്‍, രവീന്ദ്ര ജഡേജ സെഞ്ചുറി നേടി
Saturday, October 4, 2025 12:48 AM IST
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനം ഇന്ത്യയുടെ സെഞ്ചുറി മേളം. മൂന്നു ബാറ്റര്‍മാര്‍ ഇന്നലെ സെഞ്ചുറി നേടിയതോടെ രണ്ടാംദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് എന്ന ശക്തമായ നിലയില്‍ ഇന്ത്യ ക്രീസ് വിട്ടു. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 162ല്‍ അവസാനിച്ചിരുന്നു.
അഞ്ച് വിക്കറ്റ് കൈയില്‍ ഇരിക്കേ ഇന്ത്യക്ക് 286 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായി. നിലവിലെ സ്ഥിതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ ഇന്ത്യ ഇന്നിംഗ്സ് ജയം സ്വന്തമാക്കുമെന്ന് ഏകദേശം ഉറപ്പ്.
ആദ്യം രാഹുല്‍
ഒന്നാംദിനം അവസാനിച്ചപ്പോള്‍ 53 റണ്‍സുമായി ക്രീസില്‍ തുടരുകയായിരുന്ന ഓപ്പണര്‍ കെ.എല്‍. രാഹുലാണ് ഇന്നലെ ഇന്ത്യക്കായി ആദ്യം ശതകനേട്ടം സ്വന്തമാക്കിയത്. നേരിട്ട 190-ാം പന്തിലായിരുന്നു രാഹുലിന്റെ സെഞ്ചുറി. ടെസ്റ്റില്‍ രാഹുലിന്റെ 11-ാം ശതകം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ രാഹുല്‍ 98 റണ്‍സിന്റെ കൂട്ടുകെട്ടും സ്ഥാപിച്ചു. 100 പന്തില്‍ 50 റണ്‍സ് നേടിയ ഗില്‍, ഇന്ത്യന്‍ സ്കോര്‍ 188ല്‍ നില്ക്കുമ്പോള് പുറത്തായി. റോസ്റ്റണ്‍ ചേസിന്റെ മുന്നിലാണ് ഗില്‍ കീഴടങ്ങിയത്.
മൂന്നക്കം തികച്ചശേഷം കെ.എല്‍. രാഹുലിനും റണ്ണുയര്‍ത്താന്‍ സാധിച്ചില്ല. ഒടുവില്‍ 197 പന്തില്‍ 12 ഫോറിന്റെ സഹായത്തോടെ 100 റണ്‍സുമായി രാഹുല്‍ കൂടാരം കയറി. 2016നുശേഷം സ്വദേശത്ത് രാഹുലിന്റെ ആദ്യ സെഞ്ചുറിയാണിത്.
ജുറെല്ലിന്റെ കന്നി
ഗില്‍ പുറത്തായതിനു പിന്നാലെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറെല്‍ ക്രീസില്‍ എത്തിയത്. നേരിട്ട 91-ാം പന്തില്‍ ജുറെല്‍ അര്‍ധശതകം നേടി. രാഹുലെപ്പോലെ നേരിട്ട 190-ാം പന്തിലായിരുന്നു ജുറെല്ലിന്റെയും സെഞ്ചുറി. ടെസ്റ്റില്‍ ജുറെല്ലിന്റെ കന്നി ശതകനേട്ടം. സ്കോര്‍ 218ല്‍ നില്ക്കുമ്പോള് രാഹുല്‍ പുറത്തായെങ്കിലും തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയ്ക്കൊപ്പം ചേര്‍ന്ന് ജുറെല്‍ സ്കോര്‍ ഉയര്‍ത്തി.
സ്കോര്‍ 424ല്‍ എത്തിയപ്പോള്‍ ജുറെല്‍ പുറത്ത്. 210 പന്തില്‍ മൂന്ന് സിക്സും 15 ഫോറും അടക്കം 125 റണ്‍സ് നേടിയാണ് ജുറെല്‍ മടങ്ങിയത്. ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിലും (ജഡേജയ്ക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 331 പന്തില്‍ 206 റണ്‍സ്) ജുറെല്‍ പങ്കാളിയായി.

പടവെട്ടി ജഡേജ
രാഹുലിനും ജുറെലിനും പിന്നാലെ രവീന്ദ്ര ജഡേജയും സെഞ്ചുറിയില്‍. നേരിട്ട 75-ാം പന്തില്‍ ഫിഫ്റ്റി കടന്ന ജഡേജ, 168 പന്തില്‍ സെഞ്ചുറി തികച്ചു. ജഡേജയുടെ ആറാം ടെസ്റ്റ് സെഞ്ചുറിയാണ്. മൂന്നു ടെസ്റ്റിനിടെ രണ്ടാമത്തെയും.
176 പന്തില്‍ 104 റണ്‍സുമായി ജഡേജ ക്രീസില്‍ തുടരുകയാണ്. ആറാം നമ്പര്‍ ബാറ്ററായി ക്രീസില്‍ എത്തിയ ജഡേജയ്ക്ക് ഒപ്പം ഏഴാമന് വാഷിംഗ്ടണ്‍ സുന്ദറാണ് ക്രീസില്‍. 13 പന്തില്‍ ഒമ്പത് റണ്‍സുമായാണ് രണ്ടാംദിനം അവസാനിച്ചപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ക്രീസ് വിട്ടത്.
ഇന്ത്യയുടെ ഒരു ഇന്നിംഗ്സില്‍ 3+ സെഞ്ചുറി പിറക്കുന്നത് ഇതു 26-ാം തവണ. അതില്‍ മൂന്നു തവണ നാല് സെഞ്ചുറി പിറന്നിരുന്നു. ഒരു ഇന്നിംഗ്സില്‍ ടീം ഇന്ത്യ സ്വദേശത്ത് മൂന്നു സെഞ്ചുറി അവസാനമായി നേടിയത് 2018ല്‍ രാജ്കോട്ടിലാണ്. അതും വെസ്റ്റ് ഇന്‍ഡീസിന് എതിരേ. ജൂലൈയില്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിന് എതിരേയാണ് അവസാനമായി മൂന്ന് സെഞ്ചുറി ടീം ഇന്ത്യ ഒരു ഇന്നിംഗ്സില്‍ നേടിയത്.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഓപ്പണര്‍മാരില്‍ കെ.എല്‍. രാഹുല്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്നലെ രാഹുല്‍ കുറിച്ചത് ഓപ്പണറായുള്ള 10-ാം സെഞ്ചുറിയാണ്. 94 ഇന്നിംഗ്സില്‍ നിന്നാണ് ഈ നേട്ടം. സുനില്‍ ഗാവസ്കര്‍ (203 ഇന്നിംഗ്സില്‍ 33 സെഞ്ചുറി), വിരേന്ദര്‍ സെവാഗ് (168 ഇന്നിംഗ്സില്‍ 22), മുരളി വിജയ് (100 ഇന്നിംഗ്സില്‍ 12) എന്നിവരാണ് രാഹുലിനു മുന്നില്‍ ഇനിയുള്ളത്.
മകള്‍ക്ക്, അച്ഛന്, സൈന്യത്തിന്..
കെ.എല്‍. രാഹുല്‍ അഹമ്മദാബാദ് സെഞ്ചുറി സമ്മാനിച്ചത് തന്റെ മകള്‍ എവാരയ്ക്ക്. രാഹുലിനും അതിയാ ഷെട്ടിക്കും ഈ വര്‍ഷം മാര്‍ച്ചിലാണ് കടിഞ്ഞൂല്‍ പിറന്നത്.
ധ്രുവ് ജുറെല്‍ തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി സൈനിക ഉദ്യോഗസ്ഥനായ തന്റെ അച്ഛനും ഇന്ത്യന്‍ സൈന്യത്തിനുമാണ് സമര്‍പ്പിച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനാണ് ജുറെലിന്റെ അച്ഛന് നേം ചന്ദ്.
സ്കോർബോർഡ്
വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിംഗ്സ്: 162 (44.1).
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: യശസ്വി ജയ്സ്വാള്‍ സി ഷായ് ഹോപ്പ് ബി ജെയ്ഡന്‍ സീല്‍സ് 36, രാഹുല്‍ സി ഗ്രീവ്സ് ബി ജോമെല്‍ വാരികന്‍ 100, സായ് സുദര്ശന് എല്‍ബിഡബ്ല്യു ബി റോസ്റ്റണ്‍ ചേസ് 7, ശുഭ്മാന്‍ ഗില്‍ സി ഗ്രീവ്സ് ബി റോസ്റ്റണ്‍ ചേസ് 50, ധ്രുവ് ജുറെല്‍ സി ഷായ് ഹോപ് ബി ഖാരി പിയറി 125, രവീന്ദ്ര ജഡേജ നോട്ടൗട്ട് 104, വാഷിംഗ്ടണ്‍ സുന്ദര്‍ നോട്ടൗട്ട് 9, എക്സ്ട്രാസ് 17, ആകെ 128 ഓവറില്‍ 448/5.
വിക്കറ്റ് വീഴ്ച: 1-68, 2-90, 3-188, 4-218, 5-424.
ബൗളിംഗ്: ജെയ്ഡന്‍ സീല്‍സ് 19-2-53-1, ജൊഹാന്‍ ലെയ്ന്‍ 15-0-38-0, ജസ്റ്റിന് ഗ്രീവ്സ് 12-4-59-0, ജോമെല്‍ വാരികന്‍ 29-5-102-1, ഖാരി പിയറി 20-1-91-1, റോസ്റ്റണ്‍ ചേസ് 24-3-90-2.