പാരാ: ഇന്ത്യക്ക് ഇരട്ട സ്വര്‍ണം
Saturday, October 4, 2025 12:48 AM IST
ന്യൂഡല്‍ഹി: ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്നലെ രണ്ടു സ്വര്‍ണവും ഒരു വെങ്കലവും. പുരുഷ വിഭാഗം ടി47 ഹൈജംപില്‍ ഇന്ത്യയുടെ നിഷാദ് കുമാര്‍ 2.14 മീറ്റര്‍ ക്ലിയര്‍ ചെയ്ത് സ്വര്‍ണത്തില്‍ മുത്തമിട്ടു.
പുതിയ ഏഷ്യന്‍ റിക്കാര്‍ഡ് ആണ് ഈ ഉയരം എന്നതും നിഷാദിന്റെ സ്വര്‍ണത്തിന് ഇരട്ടി മധുരമായി. മാത്രമല്ല, ഇന്നലെ നിഷാദിന്റെ 26-ാം ജന്മദിനവുമായിരുന്നു.
വനിതകളുടെ ടി 12 നൂറ് മീറ്റര്‍ ഓട്ടത്തില്‍ സിമ്രാന് ശര്‍മയാണ് ഇന്ത്യന്‍ അക്കൗണ്ടില്‍ ഇന്നലെ രണ്ടാം സ്വര്‍ണം എത്തിച്ചത്. 11.95 സെക്കന്‍ഡില്‍ സിമ്രാന് ഫിനിഷിംഗ് ലൈന്‍ കടന്നു. ഇന്ത്യന്‍ താരത്തിന്റെ മികച്ച വ്യക്തിഗത സമയമാണിത്.
വനിതകളുടെ 200 മീറ്റര്‍ ടി 35 വിഭാഗത്തിലായിരുന്നു വെങ്കലം. പ്രീതി പാല് 30.03 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കി ഇന്ത്യക്കു വെങ്കലം സമ്മാനിച്ചു.