സൂപ്പർ ഫാസ്റ്റ് ഇംഗ്ലണ്ട്
Saturday, October 4, 2025 12:48 AM IST
ഗോഹട്ടി: റിക്കാർഡ് ജയവുമായി 2025 ഐസിസി വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിന് തുടക്കം കുറിച്ച് ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 215 പന്ത് ബാക്കിനിൽക്കേ പത്ത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ഇംഗ്ലീഷ് സ്പിന്നർമാർ എറിഞ്ഞു വീഴ്ത്തിയപ്പോൾ ഓപ്പണർമാർ അടിച്ചു തകർത്തു. മൂന്നു വിക്കറ്റ് നേടിയ ഇംഗ്ലണ്ടിന്റെ ലിൻസി സ്മിത്താണ് കളിയിലെ താരം. സ്കോർ: ദക്ഷിണാഫ്രിക്ക: 20.4 ഓവറിൽ 69. ഇംഗ്ലണ്ട്: 14.1 ഓവറിൽ 73/0.
എല്ലാം പെട്ടെന്ന്..!
ഒരു ട്വന്റി-20 മത്സരത്തിന്റെ ദൈർഘ്യം പോലും വേണ്ടിവന്നില്ല ഇംഗ്ലീഷ് വനിതകൾക്ക് പ്രോട്ടീസ് വനിതകളെ കീഴടക്കാൻ. നാല് ഓവറിൽ ഏഴ് റണ്‍സ് വഴങ്ങി ഓപ്പണർമാരുടെയടക്കം മൂന്നു വിക്കറ്റ് നേടിയ ലിൻസി സ്മിത്ത് ദക്ഷിണാഫ്രിക്കയുടെ വീഴ്ച്ചയ്ക്ക് തുടക്കമിട്ടു.
നാറ്റ് സ്കിവർ ബ്രന്റ്, സോഫി എക്ലെസ്റ്റോണ്‍, ഡീൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും ലോറൻ ബെല ഒരു വിക്കറ്റും വീഴ്ത്തിയപ്പോൾ പ്രോട്ടീസ് നിരയിൽ രണ്ടക്കം കടന്നത് സിനാലോ ജഫ്റ്റ (22) മാത്രം.
ഇംഗ്ലീഷ് ഓപ്പണർമാർ ടമ്മി ബ്യൂമൗണ്ട് (21), ആമി ജോണ്‍സ് (40) എന്നിവർ കരുത്തോടെ ബാറ്റു വീശിയപ്പോൾ പത്ത് വിക്കറ്റ് ജയത്തോടെ പട്ടികയിൽ ഒന്നാമതെത്തി.
നാണക്കേട്..!
ഇംഗ്ലണ്ടിനെതിരേ തങ്ങളുടെ ഏറ്റവും ചെറിയ ടോട്ടൽ, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ ചെറിയ സ്കോർ, ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ തങ്ങളുടെ ചെറിയ ടോട്ടലിൽ മൂന്നാം സ്ഥാനം എന്നീ നാണക്കേടിന്റെ റിക്കാർഡുകളും ദക്ഷിണാഫ്രിക്ക പേരിൽ കുറിച്ചു.