ഇന്ത്യ x പാക്കിസ്ഥാൻ വനിതാ ലോകകപ്പ് ക്രിക്കറ്റ് 3.00ന്
Saturday, October 4, 2025 11:57 PM IST
കൊളംബോ: പുരുഷ ക്രിക്കറ്റിനു പിന്നാലെ പാക്കിസ്ഥാനുമായുള്ള മത്സരത്തിൽ ഹസ്തദാനം ഒഴിവാക്കാൻ വനിതാ ക്രിക്കറ്റ് ടീമും. വനിത ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എതിരാളികളായ പാക്കിസ്ഥാൻ ടീമംഗങ്ങൾക്ക് ഹസ്തദാനം നൽകേണ്ടതില്ലെന്ന് ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്. ഏഷ്യ കപ്പ് പുരുഷ ക്രിക്കറ്റിൽ ഹസ്തദാന വിവാദം കെട്ടടങ്ങും മുന്‍പാണ് വനിതാ ക്രിക്കറ്റും അതേ വഴിയിൽ സഞ്ചരിക്കുന്നത്.
മുൻതൂക്കം ഇന്ത്യക്ക്
പുരുഷ ക്രിക്കറ്റിനു സമാനമായി നിലവിലെ സാഹചര്യത്തിൽ വനിതാ ക്രിക്കറ്റിലും ഇന്ത്യൻ ജയം സുരക്ഷിതമാണ്. പാക്കിസ്ഥാനുമായി എല്ലാ ഫോർമാറ്റിലുമായി 27 മത്സരങ്ങൾ കളിച്ചിട്ടുള്ളതിൽ 24 ജയത്തോടെ ഇന്ത്യ ആധികാരിക മുൻതൂക്കം പുലർത്തുന്നുണ്ട്. പാക്കിസ്ഥാന് മൂന്നു ജയം മാത്രമാണുള്ളത്. ഈ മൂന്നു ജയവും ട്വന്റി-20ൽ ആണ്. 2022 ഒക്ടോബറിൽ നടന്ന വനിത ഏഷ്യ കപ്പ് ട്വന്റി-20ൽ ആണ് പാക്കിസ്ഥാൻ അവസാനമായി ഇന്ത്യയെ പരാജയപ്പെടുത്തിയത്.
വിജയത്തുടർച്ചയ്ക്ക്
ഈ ലോകകപ്പിൽ ശ്രീലങ്കയെ 59 റണ്‍സിന് അനായാസം പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടങ്ങിയത്. പാക്കിസ്ഥാനാകട്ടെ ബംഗ്ലാദേശിനു മുന്നിൽ തകർന്നടിഞ്ഞു. ഏഴു വിക്കറ്റ് തോൽവി ഏറ്റുവാങ്ങി.
ബൗളിംഗിലും ബാറ്റിംഗിലും ഇന്ത്യ മികച്ച ഫോമിലാണ്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഇത് ടീം ഉറപ്പിച്ചു. അതേസമയം, ബാറ്റിംഗിൽ ഓപ്പണർമാർ മുതൽ ഫോമില്ലായ്മയുടെ നിഴലിലായതാണ് പാക്കിസ്ഥാനെ അലട്ടുന്നത്. ബൗളർമാരായ ഫാത്തിമ സനയും ഡയാന ബെയ്ഗും അച്ചടക്കത്തോടെ പന്തെറിയുന്നുണ്ടെന്നതാണ് ഏക ആശ്വാസം.
മഴ തടസമായേക്കും
കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം കാർമേഘം മൂടിക്കെട്ടിയ നിലയിലാണ്. വൈകുന്നേരം മഴയ്ക്ക് സാധ്യതയുള്ളതിനാൽ മത്സരം നടക്കുമോ എന്നു കണ്ടറിയണം.
മഴ ജയിച്ചു
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ഓസ്ട്രേലിയ x ശ്രീലങ്ക മത്സരം മഴയെത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമും ഓരോ പോയിന്റ് പങ്കിട്ടു. രണ്ടു മത്സരങ്ങളില്‍നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്ക് മൂന്നു പോയിന്റായി. ആദ്യമത്സരം തോറ്റ ലങ്ക പോയിന്റ് അക്കൗണ്ട് തുറന്നു.