അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്സിനും 140 റൺസിനും ജയം
Saturday, October 4, 2025 11:57 PM IST
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാംദിനമായ ഇന്നലെ ഇന്ത്യ എത്ര റണ്‍സ് കൂടി ചേര്‍ത്തശേഷം ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമെന്ന ചോദ്യം അപ്രസക്തമായി.
രണ്ടാംദിനത്തിലെ 448/5 എന്ന സ്കോറില്‍ ഡിക്ലയര്‍ പ്രഖ്യാപിച്ച ഇന്ത്യ, മൂന്നാംദിനം 45.1 ഓവര്‍ മാത്രം എറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസിനെ രണ്ടാം ഇന്നിംഗ്സിലും തവിടുപൊടിയാക്കി. ഇന്നിംഗ്സിനും 140 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം.
രാത്രിയില്‍ ഡിക്ലയര്‍
രണ്ടാംദിനത്തിലെ സ്കോറില്‍ത്തന്നെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ പ്രഖ്യാപിച്ച ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസിനെ രണ്ടാം ഇന്നിംഗ്സിനായി ക്ഷണിച്ചു. 286 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായിരുന്നു ഇന്ത്യക്ക് ഉണ്ടായിരുന്നത്. ആദ്യ ഇന്നിംഗ്സില്‍ 162നു പുറത്തായ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഇന്നിംഗ്സിലും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
രവീന്ദ്രജാലം
ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജ (104*) ഇന്നലെ പന്തുകൊണ്ട് വിന്‍ഡീസിനെ വട്ടംകറക്കി. 13 ഓവറില്‍ 54 റണ്‍സ് വഴങ്ങി ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. ജഡേജയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് ഇന്നലെ മൂന്നു വിക്കറ്റ് സ്വന്തമാക്കി.
സ്കോര്‍ ബോര്‍ഡ്
വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിംഗ്സ്: 162.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 448/5 ഡിക്ലയേഡ്
വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്സ്: ജോണ്‍ കാംബല്‍ സി സായ് ബി ജഡേജ 14, ടാഗ്നരെയ്ന് ചന്ദര്‍പോള്‍ സി നിതീഷ് ബി സിറാജ് 8, അലിക് അത്തനാസെ സി & ബി വാഷിംഗ്ടണ്‍ 38, ബ്രണ്ടന്‍ കിംഗ് സി രാഹുല്‍ ബി ജഡേജ 5, റോസ്റ്റ്ണ്‍ ചേസ് ബി കുല്‍ദീപ് 1, ഷായ് ഹോപ്പ് സി ജയ്സ്വാള്‍ ബി ജഡേജ 1, ജസ്റ്റിന് ഗ്രീവ്സ് എല്‍ബിഡബ്ല്യു ബി സിറാജ് 25, ഖാരി പിയറി നോട്ടൗട്ട് 13, ജോമെല്‍ വാരികന്‍ സി ഗില്‍ ബി സിറാജ് 0, ജൊഹാന്‍ ലെയ്ന്‍ സി സിറാജ് ബി ജഡേജ 14, ജെയ്ഡന്‍ സീല്‍സ് സി & ബി കുല്‍ദീപ് 22, എക്സ്ട്രാസ് 5, ആകെ 45.1 ഓവറില്‍ 146.
വിക്കറ്റ് വീഴ്ച: 1-12, 2-24, 3-34, 4-35, 5-46, 6-92, 7-98, 8-98, 9-122, 10-146.
ബൗളിംഗ്: ബുംറ 6-1-16-0, സിറാജ് 11-2-31-3, ജഡേജ 13-3-54-4, കുല്‍ദീപ് 8.1-3-23-2, വാഷിംഗ്ടണ്‍ 7-1-18-1.