പുഞ്ചിരിമട്ടം ദുരന്തം: 10 വീടുകൾ നിർമിക്കാൻ എറണാകുളം- അങ്കമാലി അതിരൂപത
Sunday, October 5, 2025 1:57 AM IST
കൽപ്പറ്റ: വയനാട് മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ 10 കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ സാന്പത്തിക സഹായം.
വീട് ഒന്നിന് 10 ലക്ഷം രൂപ വീതം ഒരു കോടി രൂപയാണ് അതിരൂപത നൽകുന്നത്. മാനന്തവാടി രൂപത വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വഴി നടപ്പാക്കുന്ന ഭവനപദ്ധതിയുമായി സഹകരിച്ചാണിത്.
മാനന്തവാടി രൂപത വാഴവറ്റയിൽ രണ്ട് സ്ഥലങ്ങളിൽ നിർമിക്കുന്ന 45 ഭവനങ്ങളിൽ 10 എണ്ണത്തിന്റെ പ്രവൃത്തിക്കാണ് അതിരൂപതയുടെ സഹായം. ദുരന്തബാധിതർക്കു വിനിയോഗിക്കുന്നതിന് അതിരൂപതയിലെ ഇടവകകളിൽനിന്നാണ് ധനസമാഹരണം നടത്തിയത്.
തുക രൂപതയുടെ സാമൂഹിക വികസന വിഭാഗമായ വെൽഫെയർ സർവീസ് എറണാകുളം മുഖേനയാണ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഭവന നിർമാണ പദ്ധതിയിൽ ലഭ്യമാക്കുന്നത്.
അതിരൂപതയുടെ സാന്പത്തിക സഹായത്തോടെ നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം വാഴവറ്റയിൽ വെൽഫെയർ സർവീസ് എറണാകുളം എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കൊളത്തുവേലിൽ നിർവഹിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സികുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലംപറന്പിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോജക്ട് കോ ഓർഡിനേറ്റർ ദീപു ജോസഫ്, മാനന്തവാടി രൂപത പബ്ലിക് റിലേഷൻസ് ടീം അംഗം സാലു ഏബ്രഹാം എന്നിവർ പങ്കെടുത്തു.