രാസപരിശോധനാഫലം വൈകുന്നു ; കെട്ടിക്കിടക്കുന്നത് 6522 പോക്സോ കേസുകള്‍
Sunday, October 5, 2025 1:57 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമകേസുകള്‍ മാത്രം കൈകാര്യം ചെയ്യാനായി 14 ജില്ലകളിലുമായി പ്രത്യേക കോടതികള്‍ സ്ഥാപിച്ചിട്ടും സംസ്ഥാനത്ത് പോക്സോ കേസുകള്‍ കെട്ടിക്കിടക്കുന്നു.
6522 കേസുകളാണ് തീര്‍പ്പാക്കാന്‍ ശേഷിക്കുന്നത്. ജൂലൈ 31 വരെയുള്ള കണക്കാണിത്. പോക്സോ കേസുകള്‍ കൈകാര്യം ചെയ്യാനായി സംസ്ഥാനത്ത് 70 കോടതികളാണ് പ്രവര്‍ത്തിക്കുന്നത്. കേസുകളുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ രാസപരിശോധനാഫലം ലഭിക്കുന്നതിലുള്ള കാലതാമസമാണ് ഇരകള്‍ക്കു നീതി വൈകുന്നതിനു പ്രധാന കാരണം. കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമാണ് രാസപരിശോധനാഫലം.
സര്‍ക്കാരിനു കീഴിലുള്ള ഫോറന്‍സിക് ലബോറട്ടറികളില്‍ പോക്സോ കേസുകളുടെ അടക്കം രാസപരിശോധനാ സാമ്പിളുകള്‍ കെട്ടിക്കിടക്കുകയാണ്. ഫോറന്‍സിക് ലാബുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തടസം.
മുക്കാല്‍ ലക്ഷത്തോളം സാമ്പിളുകള്‍ ലാബുകളില്‍ കെട്ടിക്കിടക്കുന്നതായാണ് സൂചന. വിവരാവകാശ നിയമപ്രകാരം നല്കിയ ചോദ്യത്തിനുള്ള മറുപടിയില്‍ 2014 ഫെബ്രുവരി 10 വരെ 24,127 കേസുകളിലായി 73,445 സാമ്പിളുകളാണ് കെട്ടിക്കിടക്കുന്നതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു.
ഫോറന്‍സിക് ലാബുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ കെട്ടിക്കിടക്കുന്ന സാമ്പിളുകളുടെ എണ്ണത്തില്‍ നിലവിലും കാര്യമായ കുറവുണ്ടായിട്ടില്ല. ബലാത്സംഗ കേസുകളും പോക്സോ കേസുകളും വേഗത്തില്‍ വിചാരണ ചെയ്ത് തീര്‍പ്പാക്കുന്നതിനായി 14 എക്സ്ക്ലൂസീവ് പോക്സോ കോടതികള്‍ ഉള്‍പ്പെടെ 56 അതിവേഗ കോടതികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.
ഇതു കൂടാതെ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും മറ്റു ജില്ലകളിലെ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും ‘ചില്‍ഡ്രന്‍സ് കോര്‍ട്ട്’ ആയി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുമുണ്ട്. പക്ഷേ, ഫോറന്‍സിക് ലാബുകളില്‍ മെല്ലെപ്പോക്ക് നയമാണ് തുടരുന്നത്.
2024ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 4641 പോക്സോ കേസുകളാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും 2024ലാണ്. എല്ലാ ജില്ലകളിലും പോക്സോ കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.
ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 3213 പോക്സോ കേസുകളാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍- 330. തൊട്ടുപിന്നില്‍ തിരുവനന്തപുരം റൂറല്‍-303 കേസുകള്‍. ഏറ്റവും കുറവ് പോക്സോ കേസുകളുള്ളത് വയനാട്ടിലാണ്.