ട്രംപിന്റെ നേതൃപാടവത്തെ പ്രകീർത്തിച്ച് മോദി
Sunday, October 5, 2025 2:02 AM IST
ന്യൂഡൽഹി: ഗാസയിലെ സമാധാനശ്രമങ്ങളിൽ നിർണായക പുരോഗതി ഉണ്ടായിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃപാടവത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഗാസയിൽ സമാധാനം ഉറപ്പാക്കാനുള്ള ട്രംപിന്റെ പദ്ധതിക്ക് ഹമാസ് അനുകൂല നിലപാട് അറിയിച്ചതിനു പിന്നാലെയാണ് ട്രംപിനെ അഭിനന്ദിച്ചുകൊണ്ടുള്ള മോദിയുടെ എക്സിലെ പോസ്റ്റ്.
ബന്ധികളെ വിട്ടുനൽകാമെന്നുള്ള ഹമാസിന്റെ സൂചനകൾ മുന്നോട്ടുള്ള നിർണായക പടിയാണെന്നും നീതിയുക്തവും സ്ഥിരതയുള്ളതുമായ സമാധാനത്തിലേക്കുള്ള ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ നൽകുമെന്നും മോദി അറിയിച്ചു. ഗാസയിൽ സമാധാനം ഉറപ്പാക്കാനായുള്ള ട്രംപിന്റെ പദ്ധതിക്ക് നേരത്തെയും മോദി പിന്തുണ നൽകിയിരുന്നു.
പലസ്തീൻ, ഇസ്രയേൽ ജനതകൾക്കു ദീർഘകാലവും സുസ്ഥിരവുമായ സമാധാനത്തിലേക്കുള്ള ഒരു പ്രായോഗിക പാതയാണ് ട്രംപിന്റെ പദ്ധതി നൽകുന്നതെന്നായിരുന്നു മോദി കഴിഞ്ഞദിവസം എക്സിൽ കുറിച്ചത്. മോദിയുടെ ഈ പോസ്റ്റ് ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചിരുന്നു.