പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസ്; നീരവ് മോദിയെ കസ്റ്റഡിയിലെടുക്കില്ലെന്ന്
യുകെയ്ക്ക് ഇന്ത്യയുടെ ഉറപ്പ്
Sunday, October 5, 2025 2:02 AM IST
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പുകേസിൽ നീരവ് മോദിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട വിചാരണ യുകെ കോടതിയിൽ തുടങ്ങാനിരിക്കെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കില്ലെന്ന് യുകെയ്ക്ക് ഔപചാരികമായി ഉറപ്പ് നൽകുന്ന കത്ത് ഇന്ത്യ നൽകി.
ഇന്ത്യ-ബെൽജിയം വ്യവസായിയും 2019 മുതൽ യുകെയിലെ ജയിലിൽ തടവിൽ കഴിയുന്നതുമായ നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടു കടത്തിയാലും തങ്ങൾ കസ്റ്റഡിയിലെടുക്കില്ലെന്നും ചോദ്യം ചെയ്യില്ലെന്നും നീരവ് ഇവിടെ വിചാരണ മാത്രമേ നേരിടുകയുള്ളൂവെന്നുമാണ് യുകെയ്ക്ക് ഇന്ത്യ നൽകിയ ഉറപ്പ്.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് ആയിരക്കണക്കിനു കോടി രൂപയുടെ തട്ടിപ്പു നടത്തി വിദേശത്തേക്കു കടന്ന വജ്രവ്യാപാരിയായ നീരവിനെ 2019ലാണ് ഇന്ത്യയുടെ ആവശ്യപ്രകാരം യുകെ അറസ്റ്റ് ചെയ്തത്.
നീരവിനെ ഇന്ത്യക്കു കൈമാറണമെന്ന ആവശ്യത്തിലുള്ള വിചാരണ നവംബർ 23ന് തുടങ്ങാനിരിക്കെയാണ് ഇന്ത്യയിലെ ഒരു ഏജൻസിയും നീരവിനെ അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് ഇന്ത്യ അറിയിച്ചത്.
ഇന്ത്യയിലേക്കു തിരിച്ചയച്ചാൽ തന്നെ പീഡനത്തിനു വിധേയമാക്കുമെന്നായിരുന്നു ഇതുവരെ നീരവ് കോടതി മുന്പാകെ വാദിച്ചിരുന്നത്. കേസിലെ അന്വേഷണം ഏകദേശം പൂർത്തിയാക്കിയതിനാലും കുറ്റപത്രം ഇതിനോടകം സമർപ്പിച്ചുകഴിഞ്ഞതിനാലും വിചാരണയ്ക്കു മാത്രം നീരവ് ഹാജരായാൽ മതിയെന്നാണ് ഇന്ത്യ വാദിക്കുന്നത്.
നാടുകടത്തലിൽ തീരുമാനമുണ്ടായാൽ നീരവിനെ മുംബൈയിലുള്ള ജയിലിലേക്കായിരിക്കും എത്തിക്കുക.