സിവിൽ സർവീസ് പ്രാഥമിക പരീക്ഷകൾക്കുശേഷം താത്കാലിക ഉത്തരസൂചികകൾ പ്രസിദ്ധീകരിക്കുമെന്ന് യുപിഎസ്സി
Sunday, October 5, 2025 2:02 AM IST
ന്യൂഡൽഹി: സിവിൽ സർവീസസ് പ്രാഥമിക പരീക്ഷയ്ക്ക് (പ്രിലിമിനറി എക്സാം) ശേഷം ഉടൻതന്നെ താത്കാലിക ഉത്തരസൂചികകൾ പ്രസിദ്ധീകരിക്കുമെന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) സുപ്രീം കോടതിയെ അറിയിച്ചു.
അന്തിമ ഫലപ്രഖ്യാപനത്തിനും ഒരു വർഷം നീളുന്ന റിക്രൂട്ട്മെന്റിനും ശേഷം മാത്രം താത്കാലിക ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചാൽ മതിയെന്ന യുപിഎസ്സിയുടെ മുൻ നയത്തിൽനിന്നുള്ള വ്യതിചലനമാണ് പുതിയ തീരുമാനം. പരീക്ഷയിൽ സുതാര്യത ഉറപ്പാക്കുന്നതിനായി ബോധപൂർവം നന്നായി പരിഗണിച്ചെടുത്ത തീരുമാനമാണിതെന്നു സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കമ്മീഷൻ പറഞ്ഞു.
സിവിൽ സർവീസസ് പരീക്ഷയുടെ അടുത്ത ഘട്ടത്തിലേക്ക് തങ്ങളെ യോഗ്യരാക്കുന്ന പ്രിലിമിനറി പരീക്ഷകളിലെ തെറ്റുകളെ ചോദ്യം ചെയ്യാൻ തങ്ങൾക്ക് ഒരു മാർഗവുമില്ലെന്നു വാദിച്ച ഉദ്യോഗാർഥികൾക്ക് പുതിയ തീരുമാനം ആശ്വാസകരമാണ്.
പ്രാഥമിക പരീക്ഷകൾക്കുശേഷം താത്കാലിക ഉത്തരസൂചികകൾ ഉടനടി പ്രസിദ്ധീകരിക്കുന്നതിലൂടെ ഉദ്യോഗാർഥികൾക്കു പ്രിലിമിനറി പരീക്ഷകളിൽ പരീക്ഷാസംഘാടകർ വരുത്തിയ തെറ്റുകൾ ഉത്തരസൂചികകളുടെ സഹായത്തോടെ എതിർക്കാം. ഈ എതിർപ്പുകൾ വിദഗ്ധർ വിശകലനം ചെയ്തായിരിക്കും അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ പട്ടിക പുറത്തിറക്കുക.