ബിഹാറിൽ എസ്ഐആറിനു ശേഷമുള്ള വോട്ടർപട്ടികയിലും ക്രമക്കേട്; കമ്മീഷൻ ഉത്തരം നൽകുമോയെന്ന് കോണ്ഗ്രസ്
Sunday, October 5, 2025 2:02 AM IST
ന്യൂഡൽഹി: ബിഹാറിൽ പ്രത്യേക സമഗ്ര പരിഷ്കരണത്തിനുശേഷവും (എസ്ഐആർ) വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നുവെന്ന പത്രറിപ്പോർട്ട് പങ്കുവച്ച് കോണ്ഗ്രസ്.
ക്രമക്കേടുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നൽകുമോയെന്ന് എസ്ഐആറിനുശേഷമുള്ള അന്തിമ വോട്ടർപട്ടികയിലും നിരവധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയുള്ള പ്രമുഖ ഹിന്ദി ദിനപത്രമായ "ദൈനിക് ഭാസ്കറി’ലെ റിപ്പോർട്ട് എക്സിൽ പങ്കുവച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു.
എസ്ഐആറിനുശേഷം പരിഷ്കരിച്ച വോട്ടർപട്ടികയിൽ ബിഹാറിലെ ജമുയി ജില്ലയിൽ ഒരൊറ്റ വീട്ടിൽത്തന്നെ 247 വോട്ടർമാരുണ്ടെന്നും മുസാഫർപുരിൽ ഒരു വോട്ടറുടെ പേരുതന്നെ മൂന്നിടത്ത് ആവർത്തിച്ചിട്ടുണ്ടെന്നുമാണ് "ദൈനിക് ഭാസ്കറി’ന്റെ പ്രധാന കണ്ടെത്തൽ. ഇതോടൊപ്പം മുസാഫർപുർ സിറ്റിയിൽ ഒരു വാർഡ് കൗണ്സിലറുടെ മാതാപിതാക്കൾ ഉൾപ്പെടെ മരിച്ചുപോയ 17 പേരെ വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്തിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.
ചില നിയമസഭാമണ്ഡലങ്ങളിൽ എസ്ഐആറിനുശേഷം നീക്കം ചെയ്യപ്പെട്ട വോട്ടർമാരുടെ എണ്ണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവിടെ വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
2020ൽ 32,154 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച പൂർണിയ നിയമസഭാ മണ്ഡത്തിൽ എസ്ഐആറിനുശേഷം 68,102 വോട്ടർമാർ നീക്കം ചെയ്യപ്പെട്ടതാണ് ഉദാഹരണമായി പത്രം പറയുന്നത്.
ഭരണത്തിലുള്ള ബിജെപിക്കു നേട്ടമുണ്ടാക്കാൻവേണ്ടിയാണ് എസ്ഐആർ നടപ്പിലാക്കിയതെന്ന് റിപ്പോർട്ട് പങ്കുവച്ചുകൊണ്ട് ജയ്റാം രമേശ് വിമർശിച്ചു. ഒരു വീട്ടിലെങ്ങനെയാണ് 247 വോട്ടർമാരെ കണ്ടെത്തിയെന്നതിലും ഒരാളുടെ പേര് എങ്ങനെയാണ് ഒരേ പോളിംഗ് സ്റ്റേഷനിലുള്ള മൂന്നിടങ്ങളിലും വരുന്നതെന്നതിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉത്തരം നൽകുമോയെന്ന് ജയ്റാം ചോദിച്ചു.
എസ്ഐആറിനുശേഷമുള്ള അന്തിമ വോട്ടർപട്ടികയിലും കണ്ടെത്തിയിട്ടുള്ള ഒട്ടനവധി ക്രമക്കേടുകൾ സുപ്രീംകോടതിയുടെ വ്യക്തമായ ഉത്തരവുകൾ അവഗണിക്കുന്നുവെന്നുള്ളതിന്റെ തെളിവാണ്.
ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായും ലജ്ജയില്ലാത്തവരായി മാറിയിരിക്കുന്നുവെന്നും കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.