ഭിന്നശേഷി തസ്തിക: റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ നൽകാൻ നിർദേശം
Monday, October 6, 2025 5:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായുള്ള തസ്തികകളുടെ കണക്കെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്.
ഭിന്നശേഷി നിയമനത്തിന്റെ പേരിൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനം രൂക്ഷമായ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ മാനേജ്മെന്റുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നതിനു പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. മൂന്നാഴ്ചയ്ക്കുള്ളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നല്കാനാണ് എഇഒമാർ മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചത്.
ഓരോ എയ്ഡഡ് സ്കൂൾ മാനേജ്മെന്റിനും കീഴിൽ എത്ര സീറ്റുകളാണ് ഭിന്നശേഷി നിയമനത്തിനായി നീക്കിവയ്ക്കേണ്ടതെന്നും നിയമനം നടക്കാത്ത സീറ്റുകൾ എത്രയെന്നും കണക്കെടുക്കണം. കൂടാതെ സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ എത്ര അധ്യാപകർ ജോലി ചെയ്യുന്നുണ്ടെന്നും ഇവർക്ക് ശന്പളം ലഭിക്കുന്നതു സംബന്ധിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന നിർദേശവും നല്കിയിട്ടുണ്ട്.
ഭിന്നശേഷി നിയമനം സംബന്ധിച്ച് എൻഎസ്എസ് നല്കിയ ഹർജിയിൽ ഭിന്നശേഷിക്കാർക്കു നിയമനത്തിനായുള്ള സീറ്റുകൾ ഒഴിച്ചിട്ട് ബാക്കി തസ്തികകളിൽ നിയമനം നടത്താമെന്ന നിർണായക സുപ്രീംകോടതി ഉത്തരവുള്ളതാണ്.
സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഇതേ രീതിയിൽ നിയമനം നടപ്പാക്കാമെന്ന പരാമർശമുണ്ടായിരുന്നു. ഇക്കാര്യം വിവിധ കോർപറേറ്റ് മാനേജ്മെന്റുകൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചപ്പോൾ സർക്കാർ വ്യക്തമായ നിലപാട് കൈക്കൊണ്ടില്ല. എൻഎസ്എസിനു മാത്രമായുള്ള വിധിയാണ് സുപ്രീംകാടതി പുറപ്പെടുവിച്ചിട്ടുള്ളതെന്നാണ് എജിയുടെ നിയമോപദേശം ലഭിച്ചതെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യം പറഞ്ഞത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഒരു തവണ കൂടി ഈ വിഷയത്തിൽ എജിയുടെ നിയമോപദേശം തേടുമെന്നു കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.