പൂങ്കുന്നത്ത് എടിഎം കൗണ്ടർ തകർത്ത് മോഷണശ്രമം
Monday, October 6, 2025 5:22 AM IST
തൃശൂർ: പഞ്ചാബ് നാഷണൽ ബാങ്കിന്റെ പൂങ്കുന്നം റെയിൽവേ ഗേറ്റിനു സമീപത്തെ എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷണശ്രമം. ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു സംഭവം. എടിഎം കൗണ്ടർ ഇരുന്പുകൊണ്ടുള്ള ആയുധം ഉപയോഗിച്ചു തകർക്കാൻ ശ്രമിച്ചു. അലാം ശബ്ദം കേട്ട മോഷ്ടാവ് ഉടൻ കടന്നുകളഞ്ഞു. മുഖംമൂടി ധരിച്ചെത്തിയ യുവാവിന് ഏകദേശം 40 വയസുണ്ടെന്നാണു നിഗമനം. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രത്തെ പിന്തുടർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഈസ്റ്റ് പോലീസും വെസ്റ്റ് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണശ്രമത്തിനു പിന്നിൽ ഒരാൾ മാത്രമാണെന്നാണു നിഗമനം.
കഴിഞ്ഞവർഷം സെപ്റ്റംബർ 27ന് തൃശൂരിലെ മൂന്നിടത്തെ എടിഎമ്മുകളിൽനിന്ന് 65 ലക്ഷം രൂപ കൊള്ളയടിച്ചിരുന്നു. നന്പർ മറച്ച കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് അന്ന് എടിഎം തകർത്തത്. എസ്ബിഐ കണ്ട്രോൾ റൂമിൽനിന്നു വിവരം ലഭിച്ച് പോലീസ് എത്തുംമുന്പേ സംഘം രക്ഷപ്പെട്ടു. സംഘം സഞ്ചരിച്ച കാർ കണ്ടെയ്നർ ലോറിയിൽ കയറ്റി തമിഴ്നാട്ടിലേക്കു കടത്താൻ ശ്രമിച്ചെങ്കിലും പിടികൂടി. ഏറ്റുമുട്ടലിലൂടെയാണു പ്രതികളെ തമിഴ്നാട് പോലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട -മാപ്രാണം, തൃശൂർ -ഷൊർണൂർ റോഡ്, കോലഴി എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിലായിരുന്നു അന്നു മോഷണം നടന്നത്.