വീട്ടമ്മയുടെ മരണം പേവിഷബാധയേറ്റ്; പ്രാഥമിക ചികിത്സയില്‍ വീഴ്ചയെന്ന്
Monday, October 6, 2025 5:22 AM IST
പത്തനംതിട്ട: തെരുവുനായ കടിച്ചതിനേ തുടര്‍ന്ന് വാക്സിന് എടുത്ത വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രാഥമിക ചികിത്സ നടത്തിയ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണവുമായി ബന്ധുക്കള്‍. ആരോഗ്യവകുപ്പിനെതിരേ ശക്തമായ നിയമനടപടിക്കൊരുങ്ങുകയാണ് കുടുംബമെന്നാണു സൂചന. ഓമല്ലൂര്‍ മണ്ണാറമല കളര്‍നില്‍ക്കുന്നതില്‍ കെ. മോഹനന്റെ ഭാര്യ കൃഷ്ണമ്മ (57) യുടെ മരണമാണ് പേവിഷ ബാധയേറ്റതാണെന്ന സ്ഥിരീകരണമുണ്ടായത്.
പുത്തന്‍പീടിക ഭാഗത്തുവച്ച് നായയുടെ കടിയേറ്റ കൃഷ്ണമ്മയെ ജനറല്‍ ആശുപത്രിലെത്തിച്ചപ്പോള്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിലും മുറിവുകളില്‍ കൃത്യമായി ഇമ്യൂണോഗ്ലോബുലിന്‍ കുത്തിവയ്ക്കുന്നതിലും വീഴ്ച വന്നുവെന്നാണു പരാതി.
സെപ്റ്റംബര്‍ നാലിന് ഉത്രാടദിനത്തിലാണ് കൃഷ്ണമ്മയ്ക്ക് തെരുവനായയുടെ കടിയേല്‍ക്കുന്നത്. നായയെ തടയാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ വീണുപോയ കൃഷ്ണമ്മയുടെ മുഖത്തും കൈകളിലും ഉള്‍പ്പെടെ ആറിടങ്ങളില്‍ നായ കടിച്ച മുറിവുകളുണ്ടായിരുന്നു. ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവ് കൃത്യമായി കഴുകുക പോലും ചെയ്തില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. ഇതേ നായതന്നെ മറ്റു 12 പേരെക്കൂടി കടിച്ചിരുന്നു. ഇവരെല്ലാം ചികിത്സ തേടി വന്നത് ജനറല്‍ ആശുപത്രിയിലേക്കാണ്.
പ്രഥമശുശ്രൂഷ നല്കി കുത്തിവയ്പെടുത്ത് കൃഷ്ണമ്മയെ നാലിനുതന്നെ പത്തനംതിട്ടയില്‍നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്തു. അവിടെ നടത്തിയ പരിശോധനയില്‍ ദേഹത്തെ ആറ് മുറികളിലും ഇമ്യൂണോഗ്ലോബുലിന്‍ കുത്തിവയ്പ് എടുത്തിട്ടില്ലെന്ന് വ്യക്തമായതായി ബന്ധുക്കള്‍ പറയുന്നു. കോട്ടയത്തെ ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ കൃഷ്ണമ്മയ്ക്ക് ഇക്കഴിഞ്ഞ 26നു കടുത്ത പനിയും ആരോഗ്യപ്രശ്നങ്ങളും നേരിട്ടു. വീണ്ടും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച മരിക്കുകയായിരുന്നു. ചികിത്സാ പിഴവില്‍ ആരോഗ്യമന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്‍കാനാണു കുടുംബത്തിന്റെ തീരുമാനം.
സമാന പരാതികള്‍ മുമ്പും
തെരുവുനായയുടെ കടിയേറ്റ് എത്തുന്നവര്‍ക്ക് കൃത്യമായ ചികിത്സ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലഭിക്കുന്നില്ലെന്ന പരാതി മുന്‍പും ഉള്ളതാണ്. രണ്ടുവര്‍ഷം മുമ്പ് പെരുനാട്ടില്‍ നായയുടെ കടിയേറ്റെത്തിയ ബാലികയ്ക്ക് ഉണ്ടായത് സമാന അനുഭവമാണ്. പെരുനാട് സിഎച്ച്സിയില് എത്തിച്ചശേഷം ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ കൊണ്ടുവരുമ്പോള്‍ മുറിവ് കഴുകാനോ മുറിവില്‍ കുത്തിവയ്പ് നല്‍കാനോ ആശുപത്രി അധികൃതർ തയാറായില്ലെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
വാക്സിന്റെ വിശ്വാസ്യതക്കുറവല്ലെന്നും വിഷബാധ വേഗത്തില്‍ വ്യാപിക്കുന്നതാണു കാരണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഐഡിആര്‍ബി വാക്സീന്‍തന്നെ കടിയേറ്റവര്‍ക്ക് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ വാക്സിനെടുത്താലും ആളുകള്‍ മരിക്കുന്നതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തലയിലും കണ്ണിന്റെ ഭാഗങ്ങളിലും ചുണ്ടിലുമൊക്കെ ആഴത്തില്‍ മുറിവേറ്റാല്‍ വാക്സിനും ഇമ്യൂണോഗ്ലോബുലിനും നല്‍കിയാല്‍പോലും രോഗബാധയ്ക്കു കാരണമാകാറുണ്ട്. പ്രതിരോധ മരുന്നുകള്‍ പ്രവര്‍ത്തിക്കാനെടുക്കുന്ന സമയത്തേക്കാള്‍ വേഗത്തില്‍ തലച്ചോറിനോടു ചേര്‍ന്ന നാഡികളില്‍ വൈറസ് കയറിപ്പറ്റി തലച്ചോറിനകത്ത് പ്രവേശിച്ചു കഴിഞ്ഞാല്‍ രോഗസാധ്യതയേറുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.