മൂകാഭിനയം തടഞ്ഞ സംഭവം: പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണെന്ന
പ്രചാരണം ദുരുദ്ദേശ്യപരം: എച്ച്എസ്എസ്ടിഎ
Monday, October 6, 2025 5:22 AM IST
പത്തനംതിട്ട: കാസര്‍ഗോഡ് കുമ്പള ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച മൂകാഭിനയം പ്രതിപാദ്യവിഷയത്തിന്റെ അടിസ്ഥാനത്തില്‍ തടഞ്ഞു എന്ന പ്രചാരണം വസ്തുതാ വിരുദ്ധവും അപലപനീയവുമാണെന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്.
സ്കൂള്‍ തലം മുതല്‍ സംസ്ഥാനതലം വരെ കലോത്സവങ്ങള്‍ അവതരിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു നല്‍കിയിരിക്കുന്ന കലോത്സവ മാനുവല്‍ നിലവിലുണ്ട്. അതിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കാസര്‍ഗോഡ് കുമ്പള ഗവൺമെന്റ് ഹയര്‍സെക്കഡറി സ്കൂളില്‍ കലോത്സവത്തിന്റെ ഭാഗമായി മൂകാഭിനയം അവതരിപ്പിച്ച ഒരു ടീം മാനുവലിന് വിരുദ്ധമായ പെരുമാറിയതിന്റെ ഭാഗമായി അധികൃതര്‍ ഇടപെട്ടത്.
എന്നാല്‍, പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ മൂകാഭിനയം തടഞ്ഞു എന്നുള്ള പ്രചാരണം തികച്ചും ദുരുദ്ദേശ്യപരമാണെന്ന് ടീച്ചേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരേ പ്രചരിക്കുന്ന ആരോപണങ്ങളില്‍ കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം.
ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വേണ്ട സംരക്ഷണം ഉറപ്പു വരുത്താനും വിദ്യാഭ്യാസ വകുപ്പിനു ബാധ്യത ഉണ്ടെന്നിരിക്കേ അധ്യാപകരെ ബലിയാടാക്കി മുന്നോട്ടു പോവുന്ന നടപടി അംഗീകരിക്കാനാകില്ല.
സമാധാനപരമായും സൗഹൃദ അന്തരീക്ഷത്തിലും മുന്നോട്ടുപോകുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു സംഘര്‍ഷ ഭൂമിയാക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കെതിരേ പൊതു സമൂഹം തികഞ്ഞ ജാഗ്രത പാലിക്കണമെന്നും അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.