കെഇആർ ഭേദഗതി ജനാധിപത്യവിരുദ്ധം: കെപിപിഎച്ച്എ
Monday, October 6, 2025 3:10 AM IST
കൊച്ചി: കെഇആർ ഭേദഗതി ചെയ്ത്, കാറ്റഗറിക്കൽ സംഘടനകളെ ഹിത പരിശോധന വഴി ഉന്മൂലനം ചെയ്യാനുള്ള ശ്രമം ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെ മോണിട്ടറിംഗ് കമ്മിറ്റിയിൽ അർഹതയുള്ള സംഘടനകൾക്കു പ്രാതിനിധ്യം നിഷേധിക്കുന്ന നിലപാടാണ് ഇപ്പോഴും തുടരുന്നത്.
ഇതുസംബന്ധിച്ച് ഒരധ്യാപക സംഘടന നൽകിയ കേസിൽ, സംഘടനകളുടെ ബാഹുല്യം മോണിട്ടറിംഗ് കമ്മിറ്റിയുടേതുൾപ്പെടെയുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അതിനാൽ കൂടുതലായി സംഘടനകൾക്ക് അംഗത്വം നൽകാൻ പ്രയാസമുണ്ടെന്നുമുള്ള നിലപാടാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
തുടർന്നുണ്ടായ വിധിയിലാണ് സംഘടനകളുടെ ബാഹുല്യം ഒഴിവാക്കാൻ കെഇആറിൽ പ്രതിപാദിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അധ്യാപക സംഘടനകളെ ഹിതപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി നിർദേശിച്ചത്. എന്നാൽ വിധിയിൽ നിർദേശിച്ച കാലയളവിനുള്ളിൽ ഹിതപരിശോധന നടത്താൻ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി സർക്കാർ കോടതിയിൽ നിന്നും സമയം ദീർഘിപ്പിച്ചു കിട്ടുന്നതിനുള്ള അനുമതി വാങ്ങുകയായിരുന്നു.