സ്വർണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു
Monday, October 6, 2025 5:22 AM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വരുമാന സ്രോതസുകൾ, സാമ്പത്തിക ഇടപാടുകൾ, ഭൂമി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളിലാണ് ചോദ്യം ചെയ്യൽ നടന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വരുമാന സ്രോതസുകളെക്കുറിച്ചും സാമ്പത്തിക, ഭൂമി ഇടപാടുകളെ കുറിച്ചുമുള്ള വിവരങ്ങളാണ് ഇന്നലെ വിജിലൻസ് ശേഖരിച്ചത്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ഉണ്ണികൃഷ്ണൻ ഇന്നലെയും നിഷേധിച്ചു. സ്വർണപ്പാളി കാണിച്ചു പണപ്പിരിവ് നടത്തിയിട്ടില്ല. പൂജകളും വഴിപാടുകളും മാത്രമാണ് നടത്തിയത് . സാങ്കേതിക തടസങ്ങൾ കാരണമാണ് സ്വർണം പൂശുന്നതിനായി ചെമ്പു പാളികൾ ചെന്നൈയിൽ എത്തിക്കാൻ വൈകിയതെന്നും ഉണ്ണികൃഷ്ണൻ ആവർത്തിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ നാലു മണിക്കൂറോളം നീണ്ടു .
കഴിഞ്ഞ ദിവസവും ഉണ്ണികൃഷ്ണൻ പോറ്റിയെ നാലു മണിക്കൂറോളം ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ തുടർന്നേക്കും. അതോടൊപ്പം ഉണ്ണികൃഷ്ണന്റെ സഹായിയായ വാസുദേവൻ, സ്പോൺസർമാരായ അനന്ത സുബ്രഹ്മണ്യൻ രമേശ് എന്നിവരെയും ഉടനെ ചോദ്യം ചെയ്യാൻ വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനുശേഷം പുറത്തെത്തിയ ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണ് ഇന്നലെ സ്വീകരിച്ചത്.