ഇ. സന്തോഷ് കുമാറിന് വയലാര്‍ പുരസ്കാരം
Monday, October 6, 2025 5:45 AM IST
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ വയലാര്‍ പുരസ്കാരം എഴുത്തുകാരനായ ഇ. സന്തോഷ് കുമാറിന്. തപോമയിയുടെ അച്ഛന് എന്ന നോവലിനാണ് പുരസ്കാരമെന്ന് വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് അറിയിച്ചു.
ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. വയലാറിന്റെ ചരമദിനമായ ഈ മാസം 27ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ടി.ഡി. രാമകൃഷ്ണന്, എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍.
മനുഷ്യമനസിനെ ഖനനം ചെയ്തെടുക്കുന്ന അസാധാരണ നോവലാണ് തപോമയിയുടെ അച്ഛന്. അഭയാര്‍ഥി പ്രശ്നം, പലായന പ്രശ്നം എന്നിവയാണ് ഇതില്‍ കൈകാര്യം ചെയ്യുന്നത്. വടക്കുകിഴക്കന്‍ ഇന്ത്യയാണ് കഥ നടക്കുന്ന ഭൂപ്രദേശമെങ്കിലും ഇതൊരു പാന്‍ ഇന്ത്യന്‍ നോവലാണ്. അതിമനോഹരമായ ആഖ്യാനപാടവം പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നതായും അംഗങ്ങള്‍ പറഞ്ഞു.