ഒമ്പതുകാരിയുടെ കൈ മുറിച്ച സംഭവം: കൈയോടെ നടപടി?
Monday, October 6, 2025 5:22 AM IST
കോഴിക്കോട്: പൂര്‍ണമായി ചികിത്സ നല്‍കുന്നതിന് മുമ്പ് ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് എതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ ഉചിത നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിംഗ് നല്കിയ പരാതിയിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍.
കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് -പ്രസീത ദമ്പതികളുടെ മകളായ നാലാം ക്ലാസ് വിദ്യാര്‍ഥിനി വിനോദിനിയുടെ കൈയാണ് മുട്ടിനുതാഴെ മുറിച്ചുമാറ്റിയത്. പരിക്കേറ്റ കുട്ടിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെനിന്ന് കൈക്ക് പ്ലാസ്റ്റര്‍ ഇട്ട് പറഞ്ഞയച്ചു. ദിവസങ്ങള്‍ കഴിഞ്ഞതും പരിക്ക് പഴുത്ത് ദുര്‍ഗന്ധം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. ഇതേത്തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഇവിടെവച്ച് കുട്ടിയുടെ കൈയുടെ ഭാഗം ഡോക്ടര്‍മാര്‍ മുറിച്ചു മാറ്റുകയായിരുന്നു.
സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയതായി കാണിച്ച് കുട്ടിയുടെ മാതാ പിതാക്കള്‍ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു പരാതി നല്കി. ആരോഗ്യമന്ത്രി പാലക്കാട് ജില്ലാ ആശുപത്രി അധികൃതര്‍ക്ക് എതിരേ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍, മതിയായ ചികിത്സ നല്കുന്നതിനു മുമ്പ് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ സംരക്ഷിക്കുന്ന നിലപാടിനെതിരേയാണ് അഡ്വ. കുളത്തൂര്‍ ജയ്സിംഗ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നത്.
ഇത്തരം സാഹചര്യത്തില്‍ കൈ മുറിച്ചു മാറ്റാതെതന്നെ മുറിവ് ഭേദമാക്കാന്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കുട്ടിയുടെ അമ്മ നിയമനടപടിക്ക്
കോഴിക്കോട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് കുട്ടിയുടെ അമ്മ പ്രസീത. ഇനിയൊരു കുട്ടിക്കും ഈ ഗതി വരരുതെന്ന് അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇപ്പോഴും മകളുടെ നില ഗുരുതരമായിത്തന്നെ തുടരുകയാണ്.
ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ നിന്നു വിളിച്ചിരുന്നു. അന്വേഷിക്കട്ടെ എന്നു മാത്രമാണു പറഞ്ഞത്. ഇപ്പോള്‍ നല്കിയ റിപ്പോര്‍ട്ട് ആരെയോ സംരക്ഷിക്കാനാണ്. ആ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും കുട്ടിക്കു ചികിത്സാസഹായം നല്‍കണമെന്നും പ്രസീത പറഞ്ഞു.