കാർഷികമേഖല തിരിച്ചുവരവിന്
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, October 6, 2025 3:07 AM IST
ഉത്സവദിനങ്ങളുടെ ആലസ്യത്തിൽനിന്നും കാർഷികോത്പന്ന വിപണി തിരിച്ചുവരവിന് ഒരുങ്ങുന്നു. ഉത്തരേന്ത്യൻ മാർക്കറ്റുകൾ ഉണരുന്നതോടെ സുഗന്ധവ്യഞ്ജനങ്ങൾക്ക് ദീപാവലി ഓർഡറുകളെത്തുമെന്ന പ്രതീക്ഷയിലാണു കാർഷിക മേഖല.
ഒസാക്കയിൽ റബറിനു കാലിടറി, ആഗോള വിപണിയിൽ റബർ സാങ്കേതിക തിരുത്തലിൽ. തമിഴ്നാട് വെളിച്ചെണ്ണ വിറ്റുമാറാൻ പരക്കം പായുന്നു, ദീപാവലി കഴിഞ്ഞാൽ എണ്ണ വിലയിൽ ഇടിവിനു സാധ്യത. സ്വർണം സർവകാല റിക്കാർഡ് വിലയിൽ.
കുരുമുളകിനു തിരിച്ചുവരവ്
കാർഷികോത്പന്ന വിപണികൾ ഉത്സവ ദിനങ്ങളുടെ ആലസ്യത്തിൽനിന്നും തിരിച്ചുവരവിന് ഒരുങ്ങി. ഉത്പാദക കേന്ദ്രങ്ങളിൽനിന്നും ടെർമിനൽ മാർക്കറ്റിലേക്കുള്ള മുഖ്യ വിളകളുടെ നീക്കം പിന്നിട്ടവാരം ഗണ്യമായി ചുരുങ്ങിയത് വ്യാപാര രംഗത്ത് അസ്വസ്ഥതജനിപ്പിച്ചു. ഇതിനിടയിൽ തളർച്ചയിൽനിന്നും കുരുമുളക് തിരിച്ചുവരവു നടത്തി. ഉത്സവ ദിനങ്ങളുടെ പേരിൽ മാർക്കറ്റിൽനിന്ന് അകന്ന് വില ഇടിക്കാൻ ഉത്തരേന്ത്യൻ ലോബി നടത്തിയ ചരടുവലികൾ പരാജയപ്പെട്ടെന്ന് വ്യക്തമായതാണു മുളക് വിലയിൽ ദൃശ്യമായ തിരിച്ചുവരവിന് വഴിതെളിച്ചത്.
കർഷകരിൽനിന്നും വില ഇടിച്ച് മുളക് കൈക്കലാക്കാൻ വാങ്ങലുകാർ സംഘടിത നീക്കം നടത്തുന്ന വിവരം നേരത്തേതന്നെ പുറത്തുവന്നതിനാൽ സ്റ്റോക്കിസ്റ്റുകളും ചരക്കുനീക്കം നിയന്ത്രിച്ചു. കുരുമുളക് ലഭിക്കാതെ വന്നതോടെ തുടർച്ചയായ ദിവസങ്ങളിൽ വാങ്ങലുകാർ വില ഉയർത്തി സ്റ്റോക്കിസ്റ്റുകളെ മാർക്കറ്റിലേക്ക് ആകർഷിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ, കുരുമുളകിനു കൂടുതൽ ആകർഷകമായ വില ഉറപ്പുവരുത്താനാവുമെന്ന പ്രതീക്ഷ കാർഷിക മേഖല നിലനിർത്തി. വ്യാപാരാന്ത്യം കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 67,900 രൂപയിലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8100 ഡോളർ.
ഏലക്കയ്ക്ക് ആശ്വാസം
ഏലക്ക ലേല കേന്ദ്രങ്ങളിൽ ഉയർന്ന അളവിൽ ചരക്ക് വിൽപ്പനയ്ക്ക് ഇറങ്ങുന്നത് ആഭ്യന്തര വിദേശ ഇടപാടുകാർക്ക് ആശ്വാസമായി. ക്രിസ്മസ് -ന്യൂ ഇയർ വരെയുള്ള ആവശ്യത്തിനുള്ള ഏലക്ക സംഭരണമാണ് ഒരു വശത്ത് പുരോഗമിക്കുന്നത്.

ലഭ്യമായ ചരക്കത്രയും ഇടപാടുകാർ മത്സരിച്ച് ശേഖരിക്കുന്നു. ഗ്വാട്ടിമലയുടെ സാന്നിധ്യം പ്രതീക്ഷിച്ച തോതിൽ രാജ്യാന്തര വിപണിയിൽ ഇനിയും ദൃശ്യമായിട്ടില്ല. അതേസമയം ഹൈറേഞ്ചിൽനിന്നുള്ള പുതിയ ഏലക്ക വില്പനയ്ക്ക് ഇറങ്ങുന്നതിൽ ഏറിയ പങ്കും കൈപ്പിടിയിൽ ഒതുക്കാൻ തമിഴ്നാട് ലോബിയും ശ്രമം നടത്തുന്നുണ്ട്. ശരാശരി ഇനങ്ങൾക്ക് ഇതിനിടയിൽ കിലോ 2500 രൂപയുടെ താങ്ങ് നഷ്ടപ്പെട്ടു 2300 റേഞ്ചിലേക്ക് താഴ്ന്നു. വാരാന്ത്യം മികച്ചയിനങ്ങൾക്ക് 3000 രൂപയ്ക്ക് മുകളിൽ പ്രതിരോധം തലയുയർത്തിയതോടെ അല്പം സമ്മർദത്തിലാണ്.
റബറിൽ മാന്ദ്യം
അന്താരാഷ്ട്ര റബർ മാർക്കറ്റിലെ മാന്ദ്യം ഇന്ത്യൻ റബറിനെയും ബാധിച്ചു. ചൈന ഒരാഴ്ച നീളുന്ന ഉത്സവാഘോഷങ്ങളിൽ അമർന്നത് ഏഷ്യൻ മാർക്കറ്റുകളിൽ റബറിനെ തളർത്തി. ബാങ്കോക്കിൽ 183 രൂപയിൽനിന്നും 187ലേക്ക് വാരമധ്യം ഉയർന്ന റബർ പക്ഷേ ചൈനീസ് ഡിമാൻഡ് മങ്ങിയതോടെ 180ലേക്ക് ഇടിഞ്ഞു. വിലയിടിവ് കണ്ട് ഓപ്പറേറ്റർമാർ അവധിവ്യാപാരത്തിൽ ഇടപാടുകളുടെ വ്യാപ്തി വെട്ടിക്കുറയ്ക്കാൻ തിടുക്കം കാണിച്ചത് ഉത്പന്നത്തെ കൂടുതൽ സമ്മർദത്തിലാക്കി.

ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ കിലോ 300 യെന്നിലെ താങ്ങ് മൂന്ന് മാസത്തിനിടയിൽ ആദ്യമായി നഷ്ടപ്പെട്ട സാഹചര്യത്തിൽ 290 യെന്നിലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 283 യെന്നിൽ വിപണി താങ്ങ് കണ്ടെത്താൻ ശ്രമം നടത്താം. രാജ്യാന്തര വിപണി പരീക്ഷണങ്ങൾ നടത്താൻ ഇടയുള്ളത് മുന്നിൽകണ്ട് ടയർ ലോബി ഏഷ്യൻ മാർക്കറ്റുകളിൽ തിരക്കിട്ട സംഭരണങ്ങളിൽനിന്നും അകന്നുമാറാൻ ഇടയുണ്ട്. പ്രത്യേകിച്ച് ഡിസംബർ വരെ തായ്ലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ ടാപ്പിംഗ് ഊർജിതമാകുമെന്ന വിലയിരുത്തലുകളും ഉത്പന്ന വിലയിൽ ചാഞ്ചാട്ടത്തിന് ഇടയാക്കാം.
കേരളത്തിൽ റബർ വെട്ട് ഇനിയും കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. പല അവസരത്തിലും മഴ വില്ലനായി മാറിയതിനാൽ റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ പോലും ഉത്പാദകർക്ക് ടാപ്പിംഗിന് അവസരം ലഭിച്ചില്ല. വാരാന്ത്യം നാലാം ഗ്രേഡ് റബർ വില 18,800 രൂപയിൽനിന്നും 18,500ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് 18,500 രൂപയിലും ഒട്ടുപാൽ 12,200 രൂപയിലും ലാറ്റക്സ് 11,800 രൂപയിലുമാണ്.
കാലിടറി വെളിച്ചെണ്ണ
ദക്ഷിണേന്ത്യൻ മാർക്കറ്റുകളിൽ നാളികേരോത്പന്നങ്ങൾ സ്റ്റെഡി നിലവാരത്തിൽ നീങ്ങിയ ശേഷം പൊടുന്നനെ തളർന്നു. മാസാരംഭമായതിനാൽ പ്രാദേശിക വിപണികളിൽനിന്നും വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് വ്യവസായികൾ പ്രതീക്ഷിച്ചു. എന്നാൽ, കാങ്കയത്തെ വൻകിട മില്ലുകാരുടെ കണക്കുകൂട്ടലുകൾ മൊത്തിൽ തെറ്റിയ അവസ്ഥയിലാണ്. മഹാനവമി വേളയിൽ എണ്ണയ്ക്ക് ഡിമാൻഡ് ഉയരാഞ്ഞത് സ്റ്റോക്കിസ്റ്റുകളെ വെളിച്ചെണ്ണ വിറ്റുമാറാൻ പ്രേരിപ്പിച്ചു.

തമിഴ്നാട്ടിലെ വിലയിടിവിന്റെ ചുവടുപിടിച്ച് കൊച്ചിയിൽ എണ്ണ വില 36,800 രൂപയിൽനിന്നും 36,300ലേക്ക് താഴ്ന്നു. കാങ്കയത്ത് എണ്ണ വില 31,550 രൂപയായി ഇടിഞ്ഞു. ദീപാവലി പടിവാതിക്കൽ എത്തിയെങ്കിലും ഇക്കുറി വെളിച്ചെണ്ണ വിപണി ഇനി കാര്യമായി ചൂടുപിടിക്കില്ലെന്ന നിലപാടിലാണ് അവിടത്തെ മില്ലുകാർ. സംസ്ഥാനത്ത് നാടൻ വെളിച്ചെണ്ണ കിലോ 460 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ആഭരണ വിപണികളിൽ സ്വർണം പുതിയ റിക്കാർഡ് സ്ഥാപിച്ചു. വാരത്തിന്റെ തുടക്കത്തിൽ 84,680 രൂപയിൽ വിപണനം നടന്ന പവൻ പിന്നീട് സർവകാല റിക്കാർഡ് നിരക്കായ 87,560 രൂപ വരെ ഉയർന്നു.