പലിശനിരക്കിൽ മാറ്റമില്ല
Friday, October 3, 2025 1:36 AM IST
മുംബൈ: മുഖ്യ പലിശനിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ സഞ്ജയ് മൽഹോത്ര പണനയം പ്രഖ്യാപിച്ചു. ധനകാര്യനയ സമിതി യോഗത്തിൽ മുഖ്യ പലിശനിരക്കായ റിപ്പോനിരക്ക് 5.50 ശതമാനമായി നിലനിർത്താനാണ് തീരുമാനിച്ചത്.
പണനയ കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഈ വർഷത്തെ ചില്ലറ വിലക്കയറ്റം കുറയുമെന്നും ജിഡിപി വളർച്ച കൂടുമെന്നും കേന്ദ്ര ബാങ്ക് വിലയിരുത്തി.
ജൂണിൽ 50 ബേസിസ് പോയിന്റ് കുറച്ചു. ഫെബ്രുവരി മുതൽ മൂന്ന് ഘട്ടങ്ങളിലായി റിപ്പോ നിരക്കിൽ 100 ബേസിസ് പോയിന്റിന്റെ കുറവാണ് റിസർവ് ബാങ്ക് വരുത്തിയത്. ജൂണിനുശേഷം ആർബിഐ ഓഗസ്റ്റ്, സെപ്റ്റംബർ പണനയയോഗത്തിൽ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി.
ഇത്തവണ യുഎസ് തീരുവ അടക്കമുള്ള വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യ പലിശനിരക്കിൽ മാറ്റം വരുത്താത്ത പണനയ പ്രഖ്യാപനമായിരിക്കും ഉണ്ടാകുയെന്നുതന്നെയാണ് വിലയിരുത്തിയത്.
ഈ ധനകാര്യ വർഷം ചില്ലറവിലക്കയറ്റ പ്രതീക്ഷ 3.1 ശതമാനത്തിൽനിന്നു 2.6 ശതമാനമായി കുറച്ചു. രണ്ടും മൂന്നും പാദങ്ങളിൽ 1.8 ശതമാനം വീതം വിലക്കയറ്റമാണു പ്രതീക്ഷിക്കുന്നത്. നാലാം പാദത്തിൽ നാലു ശതമാനമായി വിലക്കയറ്റം കൂടും.
ഈ വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ 6.5ൽനിന്ന് 6.8 ശതമാനമായി ഉയർത്തി. ഒന്നാം പാദ വളർച്ച 7.8 ശതമാനമായിരുന്നു. രണ്ടാം പാദത്തിൽ ഏഴ്, മൂന്നിൽ 6.4, നാലിൽ 6.2 ശതമാനം എന്നിങ്ങനെയാണു പുതിയ നിഗമനം.
ആർബിഐയുടെ പണനയപ്രഖ്യാപനം തുടർച്ചയായി എട്ടു സെഷനുകളിൽ നഷ്ടത്തിലായിരുന്ന ഓഹരിവിപണികളെ നേട്ടത്തിലെത്തിച്ചു. ബാങ്കിംഗ് ഓഹരികൾക്കു കരുത്തു പകരുന്നതായിരുന്നു കേന്ദ്ര ബാങ്കിന്റ തീരുമാനം.