ജിഎസ്ടി ആനുകൂല്യം നടപ്പിലാക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ തയാറാകുന്നില്ല: സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകള്‍
Friday, October 3, 2025 1:36 AM IST
കൊച്ചി: ജനങ്ങള്‍ക്ക് ഗുണകരമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ജിഎസ്ടി സ്ലാബ് മാറ്റം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതെങ്കിലും പല വന്‍കിട കമ്പനികളും ഇതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പേട്ട, ജനറല്‍ സെക്രട്ടറി കെ. എ. സിയാവുദീന് എന്നിവര്‍ പറഞ്ഞു.
ജിഎസ്ടിയിലെ കുറവ് നടപ്പിലാക്കിക്കൊണ്ടുള്ള ബില്ലല്ല സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കമ്പനികള്‍ നല്‍കുന്നത്. ഉത്പന്നങ്ങളുടെ വില കമ്പനികള്‍ കുറച്ചുതന്നാല്‍ തങ്ങള്‍ക്ക് അതേ രീതിയില്‍ വില കുറച്ച് ജനങ്ങള്‍ക്കു നല്കാന് സാധിക്കും. കമ്പനികള്‍ അതിനു തയാറാകാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.
2017ല്‍ 28 ശതമാനത്തില്‍നിന്നും 18 ശതമാനത്തിലേക്ക് ജിഎസ്ടി കുറച്ചപ്പോഴും ചില മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വില കുറയ്ക്കാന്‍ തയാറാകാതെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണു സ്വീകരിച്ചത്. ഇതിനെതിരേ അന്നു തങ്ങള്‍ ധനമന്ത്രിയെയും ജിഎസ്ടി കമ്മീഷണറെയും സമീപിച്ചു പരാതി നല്‍കുകയും വന്‍കിട കമ്പനികള്‍ക്ക് പിഴയിടുകയും ചെയ്തിരുന്നു. സമാന രീതിയിലാണ് പുതിയ ജിഎസ്ടി നിരക്ക് നിശ്ചയിച്ചപ്പോഴും കമ്പനികളുടെ നിലപാടെന്നും ഇവര്‍ വ്യക്തമാക്കി.