സ്റ്റാര്‍ട്ടപ് കമ്പനി കേരളം വിടുന്നു
Friday, October 3, 2025 1:36 AM IST
കൊച്ചി: സംസ്ഥാനത്തുനിന്ന് തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളുടെ പേരില്‍ കേരളം വിടുന്നതായി ഹെല്‍മറ്റ് ക്ലീനിംഗ് സ്റ്റാര്‍ട്ടപ് കമ്പനിയായ നോഡര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്.
നൂതനവും സാധാരണക്കാര്‍ക്കു വരെ പ്രയോജനകരവുമായ തങ്ങളുടെ സംരംഭത്തോട് സര്‍ക്കാരില്‍നിന്നും ഫ്രാഞ്ചൈസികളില്‍നിന്നും യാതൊരുവിധ സഹായവും കിട്ടുന്നില്ലെന്ന ആക്ഷേപവുമായാണ് നോഡര്‍ സൊലൂഷന്‍സ് അയല്‍ സംസ്ഥാനങ്ങളിലേക്ക് തങ്ങളുടെ വ്യവസായം പറിച്ചുനടാന്‍ തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി എറണാകുളം ഒബ്റോണ്‍ മാളിനു സമീപമുള്ള ഓഫീസ് അടച്ചുപൂട്ടി.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് കമ്പനി മാറ്റാനാണു നീക്കം. സംരംഭം ആരംഭിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും വ്യവസായവളര്‍ച്ചയ്ക്ക് ആവശ്യമായ ഒരു സഹായവും കേരളത്തില്‍ ലഭിച്ചില്ലെന്ന് നോഡര്‍ സൊലൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഏബ്രഹാം വി. ജോര്‍ജ് പറഞ്ഞു.
പൊടിയും ബാക്ടീരിയയും ഫംഗസും ബാധിച്ച ഹെല്‍മെറ്റുകള്‍ 99 രൂപ ചെലവില്‍ ഓട്ടോമാറ്റിക് മെഷീനുകളുടെ സഹായത്തോടെ ആറു മിനിറ്റിനുള്ളില്‍ അണുവിമുക്തമാക്കി വൃത്തിയാക്കുന്ന സംരംഭമാണു കോട്ടയം സ്വദേശിയായ ഏബ്രഹാം വി. ജോര്‍ജും ടെക്നിക്കല്‍ ഡയറക്ടര്‍ ഷാജി ജോസഫും ചേര്‍ന്ന് ആരംഭിച്ചത്. ഫ്രഞ്ചൈസികള്‍ മുഖേന കേരളത്തിലുടനീളം സംരംഭം വ്യാപിപ്പിക്കുകയായിരുന്നു ലക്ഷ്യം.