യുപിഐ ഇടപാടുകൾ സൗജന്യമായി തുടരും: ആർബിഐ
Friday, October 3, 2025 1:36 AM IST
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്താൻ പോകുന്നു എന്ന അഭ്യൂഹങ്ങൾ തള്ളി റിസർവ് ബാങ്ക്. യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്താൻ നിലവിൽ നിർദേശമൊന്നുമില്ലെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
ഡിജിറ്റൽ പേയ്മെന്റുകൾക്ക് ഭാവിയിൽ ചാർജ് ചുമത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി, നിലവിലെ നയത്തിനു കീഴിൽ ഉപയോക്താക്കൾക്ക് യുപിഐ സൗജന്യമായി ഉപയോഗിക്കുന്നത് തുടരാമെന്നും അദ്ദേഹം പറഞ്ഞു.
“യുപിഐ എന്നെന്നേക്കുമായി സൗജന്യമായി തുടരുമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട ചെലവുകൾ ഉണ്ടെന്നാണ് പറഞ്ഞത്, അവയ്ക്ക് ആരെങ്കിലും പണം നൽകേണ്ടതുണ്ട്’’-മൽഹോത്ര പറഞ്ഞു.
ആർബിഐ കണക്കു പ്രകാരം, 2025 ഓഗസ്റ്റിൽ യുപിഐ ഇടപാടുകൾ 20 ബില്യണ്‍ കവിഞ്ഞു, ഇത് കഴിഞ്ഞ വർഷത്തെ ഇത് മാസത്തെക്കാൾ 34 ശതമാനം വർധനയാണ്. യുപിഐയുടെ സീറോ-കോസ്റ്റ് ചട്ടക്കൂടിന്റെ സുസ്ഥിരതയെക്കുറിച്ച് ആർബിഐ ഗവർണർ മുന്‍പ് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.