വിദേശ നിക്ഷേപകർ സെപ്റ്റംബറിൽ പിൻവലിച്ചത് 23885 കോടി രൂപ
Monday, October 6, 2025 3:07 AM IST
മുംബൈ: സെപ്റ്റംബറിൽ ഇന്ത്യൻ ഓഹരിവിപണിയിൽ വിദേശ നിക്ഷേപകർ (ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേഴ്സ്) വില്പനക്കാരായി. സെപ്റ്റംബറിൽ 23,885 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്. വിദേശ നിക്ഷേപകർ ഈ വർഷം ഇതുവരെ 1.58 ലക്ഷം കോടി രൂപയുടെ പിൻവലിക്കലാണ് നടത്തിയതെന്ന് എക്സ്ചേഞ്ച് കണക്കുകൾ കാണിക്കുന്നു.
എഫ്പിഐകൾ വിൽപ്പനക്കാരാകുന്ന തുടർച്ചയായ മൂന്നാം മാസമാണ്. ജൂലൈയിൽ 17,700 കോടി രൂപയുടെയും ഓഗസ്റ്റിൽ 34,990 കോടി രൂപയുടെയും നിക്ഷേപമാണ് പിൻവലിച്ചത്.
വിവിധ കാരണങ്ങളെത്തുടർന്നാണ് നിലവിലെ വില്പന ശക്തമാക്കിയതെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുഎസിന്റെ വ്യാപാര, നയ തീരുമാനങ്ങളാണ് വിപണിക്ക് തിരിച്ചടിയായത്.
ഇന്ത്യൻ ഇറക്കുമതി സാധനങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 50 ശതമാനം തീരുവ, എച്ച് 1ബി വീസയ്ക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്തിയത് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത മേഖലകളെ പ്രത്യേകിച്ച് ഐടി മേഖലകളെ ബാധിച്ചു.