ഓണ്‍ലൈൻ ട്രേഡിംഗ് തട്ടിപ്പുകാർക്കു പിന്നാലെ ഇഡി
സ്വന്തം ലേഖകൻ
Monday, October 6, 2025 3:07 AM IST
ന്യൂഡൽഹി: അനധികൃത ഓണ്‍ലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോമായ ‘ഒക്റ്റ എഫ്എക്സ്’ ഒന്‍പതു മാസം കൊണ്ട് ഇന്ത്യയിൽ നിന്നു അനധികൃതമായി സന്പാദിച്ചത് 800 കോടി രൂപയെന്നും ഇതു വെളുപ്പിച്ചതായും ഇഡിയുടെ കണ്ടെത്തൽ.
സിംഗപ്പുരിൽനിന്നു വ്യാജ ഇറക്കുമതി നടത്തിയും ക്രിപ്റ്റോ കറൻസികളിലൂടെയും അന്താരാഷ്ട്ര പേമെന്റ് ഗേറ്റ് വേ വഴിയുമാണ് ഇത്രയും തുക വെളുപ്പിച്ചതെന്നാണ് ഇഡിയുടെ നിഗമനം. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ‘ഒക്റ്റ എഫ്എക്സി’ന്റെ പ്രമോട്ടർമാർ റഷ്യ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നതെങ്കിൽ സാങ്കേതിക പിന്തുണ നൽകുന്നവർ ജോർജിയയിലാണ്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് ദുബായിൽനിന്നാണ്.
ഇവയുടെ സെർവറുകൾ സ്പെയിനിലെ ബാഴ്സലോണയിലുമാണ്. ഇത്തരത്തിൽ ഒന്നിലധികം ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്ന തട്ടിപ്പിലൂടെയാണ് ഇന്ത്യക്കാർക്ക് 800 കോടിയോളം രൂപ നഷ്ടമായത്. ഈ ഓണ്‍ലൈൻ പ്ലാറ്റ്ഫോമിന്റെ ആസ്ഥാനം സൈപ്രസാണെന്നാണു റിപ്പോർട്ട്.
കുറ്റകൃത്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനം ക്രിപ്റ്റോ കറൻസികളാക്കി മാറ്റുകയും അന്തരാഷ്ട്ര പേമെന്റ് ഗേറ്റ്വേകൾ വഴി അതിർത്തി കടത്തുകയുമാണു ചെയ്യുന്നത്.
രാജ്യാതിർത്തി കടന്നുള്ള ഇത്തരം സാന്പത്തികകുറ്റകൃത്യങ്ങൾക്കെതിരേ കർശന നടപടിയുമായി മുന്നോട്ടുപോകാനാണ് ഇഡിയുടെ തീരുമാനം. ഇന്ത്യയിൽനിന്നു തട്ടിപ്പുസംഘത്തിന് ലഭിച്ചതായി കരുതുന്ന 172 കോടി രൂപയുടെ ആസ്തികൾ ഇവിടെയും വിദേശത്തുമായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആഡംബരവസ്തുക്കൾ, സ്പെയിനിലെ ഒരു വില്ല, വിദേശ ബാങ്കുകളിലടക്കം 36 കോടി രൂപയുടെ നിക്ഷേപം, ക്രിപ്റ്റോ കറൻസി, 80 കോടി രൂപയുടെ ഭൂമി തുടങ്ങിയവ ഉൾപ്പെടുന്നതായാണു അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. നിലവിൽ ഇഡിയുടെ മുംബൈ യൂണിറ്റാണ് ‘ഒക്റ്റ എഫ്എക്സി’നെതിരേ അന്വേഷണം നടത്തുന്നത്.
ഒക്റ്റ എഫ്എക്സിനുപുറമെ ഇഡിയുടെ ബംഗളൂരു സോണൽ യൂണിറ്റ് അന്വേഷിക്കുന്ന ‘പവർ ബാങ്ക്’, കോൽക്കത്ത യൂണിറ്റ് അന്വേഷിക്കുന്ന ‘ഏഞ്ചൽ വണ്‍’, ‘ടിഎം ട്രേഡേഴ്സ്’, ‘വിവാൻ ലി’, കൊച്ചി യൂണിറ്റ് അന്വേഷിക്കുന്ന ‘സാറ എഫ്എക്സ്’തുടങ്ങിയവയാണ് ഓണ്‍ലൈൻ ട്രേഡിംഗിലെ മറ്റ് പ്രധാന തട്ടിപ്പുകാർ.