തീര സംരക്ഷണം : എന്റെ കടല്‍ പദ്ധതിയുമായി കൊച്ചിന് ഷിപ്പ്യാര്ഡും റൈസ് അപ്പ് ഫോറവും
Friday, October 3, 2025 10:53 PM IST
കൊച്ചി: കേരളത്തിലെ കടല്‍ത്തീരങ്ങള്‍ നവീകരിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഭാഗമായി കൊച്ചിന് ഷിപ്പ്യാര്ഡും യുവജനസംഘടനയായ റൈസ് അപ്പ് ഫോറവും സംയുക്തമായി ആരംഭിച്ച ‘എന്റെ കടല്‍’ പദ്ധതിയുടെ ഉദ്ഘാടനം മാലിപ്പുറം ചാപ്പ ബീച്ചില്‍ നടന്നു.
കൊച്ചിന് ഷിപ്പ്യാര്ഡ് സിഎസ്ആര്‍ ഹെഡ് സമ്പത് കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ‘എന്റെ കടല്‍’ ഫലകത്തിന്റെ അനാച്ഛാദനവും നടത്തി. റൈസ് അപ്പ് ഫോറം ബോര്‍ഡംഗം ശില്പ ശശി അധ്യക്ഷത വഹിച്ചു. ലോക നാവികദിനത്തില്‍ നടത്തിയ ബീച്ച് ശുചീകരണത്തിന്റെ ഉദ്ഘാടനം കൊച്ചിന് ഷിപ്പ്യാര്ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.കെ. സുബ്രഹ്മണ്യന് നിര്‍വഹിച്ചു.
കൊച്ചിന് പോര്‍ട്ട് ഉദ്യോഗസ്ഥര്‍, ആലുവ ഗവ. എച്ച്എസ്എസ് വിദ്യാര്‍ഥികള്‍, എസ്എന്എംഐഎംടി എൻജിനിയറിംഗ് കോളജ് എന്‍എസ്എസ് വിഭാഗം, ഐഐവി യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍, മാല്യങ്കര നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍, ആര്‍എല്‍വി കോളജ് വിദ്യാര്‍ഥികള്‍, ഇളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഹരിതകര്‍മസേന എന്നിവരടങ്ങിയ 300ലധികം പേർ യജ്ഞത്തില്‍ പങ്കാളികളായി.