മിഷണറിമാരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷം ഇന്നുമുതല്‍ വത്തിക്കാനില്‍
Saturday, October 4, 2025 1:13 AM IST
വത്തിക്കാന്‍ സിറ്റി: 2025 പ്രത്യാശയുടെ ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി മിഷണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷം ഇന്നും നാളെയും വത്തിക്കാനില്‍ നടക്കും.
സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെയും സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെയും സഹകരണത്തോടെയാണു ജൂബിലി ആഘോഷങ്ങൾ നടത്തുന്നത്. ഇന്ത്യയുൾപ്പെടെ നൂറോളം രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു തീർഥാടകർ ചടങ്ങുകളിൽ പങ്കെടുക്കും.
രണ്ടു വ്യത്യസ്ത സമൂഹങ്ങളെയാണു പ്രതീക്ഷിക്കുന്നതെങ്കിലും വത്തിക്കാനിൽ മാർപാപ്പ അനുവദിക്കുന്ന പൊതുകൂടിക്കാഴ്ച, ഞായറാഴ്ച അർപ്പിക്കപ്പെടുന്ന വിശുദ്ധകുർബാന തുടങ്ങി വിവിധ ജൂബിലി ആഘോഷങ്ങൾ ഒരുമിച്ചായിരിക്കും നടക്കുകയെന്ന് സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം അറിയിച്ചു.
ഇന്നു രാവിലെ പത്തിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ പൊതുകൂടിക്കാഴ്ചാ സമ്മേളനത്തോടെയാകും ജൂബിലിയാഘോഷം ആരംഭിക്കുക. ജൂബിലിക്കായി റോമിലെത്തിയിരിക്കുന്ന എല്ലാ തീർഥാടകർക്കും ഈ പൊതുകൂടിക്കാഴ്ചയിൽ പങ്കെടുക്കാനാകും. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ തീർഥാടകർക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കും.
വൈകുന്നേരം അഞ്ചുമുതൽ 6.45 വരെ പൊന്തിഫിക്കൽ ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര മിഷണറി സമ്മേളനം നടക്കും. 7.30 മുതൽ 8.30 വരെ വത്തിക്കാന്റെ പരിസരത്തുള്ള പള്ളികളിൽ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ തീർഥാടകർക്കായി വിവിധ ഭാഷകളിൽ വിശുദ്ധകുർബാന. രാത്രി ഒന്‍പതിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ‘അന്താരാഷ്ട്ര മിഷണറി ജപമാല’ പ്രാർഥന നടക്കും.
നാളെ രാവിലെ 10.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് മൂന്നുമുതൽ രാത്രി ഏഴുവരെ റോമിലെ കാസിൽ സാന്ത് ആഞ്ചലോ ഗാർഡനിൽ ‘മൈഗ്രൻസ് ആൻഡ് മിഷണറീസ് ഓഫ് ഹോപ്പ് എമംഗ് ദ നേഷൻസ്’ എന്നപേരിൽ സാംസ്കാരികപരിപാടി അരങ്ങേറും.
വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുക്കുന്ന കലാപരിപാടികൾ, മിഷണറിമാരുടെ അനുഭവവിവരണം എന്നിവയുണ്ടായിരിക്കും.