സ്വർണപ്പണയ വായ്പ ; പലിശ മാത്രമടച്ച് പുതുക്കാനാകില്ല
Friday, October 3, 2025 10:53 PM IST
മുംബൈ: സ്വർണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കി. ഉപഭോക്താക്കളുടെ സംരക്ഷണം, സുതാര്യത മെച്ചപ്പെടുത്തൽ, തിരിച്ചടവിലെ അച്ചടക്കം എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്കരണം.
പരിഷ്കരണത്തിന്റെ ആദ്യ ഘട്ടം ഒക്ടോബർ ഒന്നിന് നിലവിൽ വന്നു. രണ്ടാംഘട്ടം 2026 ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കും. വലിയ തുകയുടെ വായ്പകൾക്ക് സ്വർണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള വായ്പാ അനുപാതം നിശ്ചയിച്ചു. ബുള്ളറ്റ് (ഒറ്റത്തവണയായി മുതലും പലിശയും അടക്കമുള്ള ) തിരിച്ചടവ് വ്യവസ്ഥകൾ കർശനമാക്കി. വായ്പ അടച്ചുതീർത്താൽ പണയ സ്വർണം ഉടനെ തിരികെ നൽകുന്നതിനും ഇതിനു താമസമുണ്ടായാൽ പിഴ ഈടാക്കാനും പുതിയ വ്യവസ്ഥയിൽ പറയുന്നുണ്ട്.
സ്വർണം വാങ്ങാൻ വായ്പയില്ല
പുതിയ നിർദേശ പ്രകാരം, ബാങ്കുകൾ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെ ആഭരണങ്ങൾ, നാണയങ്ങൾ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) എന്നിവ അടക്കമുള്ളവ വാങ്ങുന്നതിന് വായ്പകൾ വാഗ്ദാനം ചെയ്യുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു. കൂടാതെ അസംസ്കൃത സ്വർണത്തിനും വെള്ളിക്കും വായ്പ ലഭിക്കില്ല. ഇതുമായി ബന്ധപ്പെടുന്ന സാന്പത്തിക ഉത്പന്നങ്ങൾക്കും വായ്പ അനുവദിക്കാൻ കഴിയില്ല.
സ്വർണ വായ്പ നടപ്പിലാക്കി
പ്രവർത്തന മൂലധന വായ്പകൾ: സ്വർണമോ വെള്ളിയോ ഉപയോഗിച്ച് ആഭരണങ്ങൾ നിർമിക്കുന്നവർക്ക് പ്രവർത്തന മൂലധനമായി വായ്പകൾ നൽകും. മുന്പ് ജുവലറികൾക്ക് മാത്രമായിരുന്നു ഇത്തരത്തിൽ വായ്പ അനുവദിച്ചിരുന്നത്. സ്വർണ നിർമാതാക്കൾക്ക് അനുവദിക്കുന്ന ഗോൾഡ് മെറ്റൽ ലോണുകൾ (ജിഎംഎൽ) 270 ദിവസം വരെയാണ് ലഭിക്കുന്നത്.
ഗോൾഡ് മെറ്റൽ ലോൺ: ആഭരണനിർമാതാക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് 1998ൽ ആരംഭിച്ച ഗോൾഡ് മെറ്റൽ ലോൺ പദ്ധതിയുടെ പരിഷ്കരിച്ച കരട് രൂപരേഖ ആർബിഐ പുറത്തിറക്കി. ആഭരണ നിർമാതാക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. ഗോൾഡ് മോണിറ്റൈസേഷൻ സ്കീമുമായി ബന്ധമുള്ള പദ്ധതിയുടെ പുതുക്കിയ കരട് കൂടുതൽ സുതാര്യത കൊണ്ടുവരാനും ജുവലറികൾക്ക് വായ്പകൾ എളുപ്പത്തിൽ നടപ്പിലാക്കാനുമാണ് ലക്ഷ്യമിടുന്നത്.
ചെറുപട്ടണങ്ങളിലെ അർബൻ സഹകരണ ബാങ്കുകൾക്ക് സ്വർണപണയം അനുവദിക്കാനുള്ള അനുമതിയും ആർബിഐ നൽകിയിട്ടുണ്ട്.
2026 ഏപ്രിൽ ഒന്നു മുതലുള്ള മാറ്റങ്ങൾ എത്ര രൂപ വരെ വായ്പ
2026 ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാകുന്ന അടുത്ത ഘട്ടത്തിലെ നിബന്ധനകളും ആർബിഐ നിർദേശിച്ചിട്ടുണ്ട്. സ്വർണ മൂല്യത്തിന്റെ എത്ര ശതമാനം വരെ വായ്പ (ലോണ് ടു വാല്യു) അനുവദിക്കാമെന്ന കാര്യത്തിലും ആർബിഐ നിർദേശമുണ്ട്.
മൂല്യ നിർണയം: മുൻദിവസത്തെ സ്വർണവിലയോ മുപ്പത് ദിവസത്തെ ശരാശരിയോ അടിസ്ഥാനമാക്കി വേണം മൂല്യം നിശ്ചയിക്കാൻ. സ്വർണത്തിന്റെ മൂല്യം മാത്രമേ വായ്പയ്ക്കായി പരിഗണിക്കൂ. കല്ലുകൾ, രത്നങ്ങൾ എന്നിവ ഒഴിവാക്കും.
2.5 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് സ്വർണ മൂല്യത്തിന്റെ 85 ശതമാനം വരെ വായ്പ ലഭിക്കും. 2.5 ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിലാണെങ്കിൽ മൂല്യത്തിന്റെ 80 ശതമാനം വരെ വായ്പ. അഞ്ചു ലക്ഷത്തിനു മുകളിലാണെങ്കിൽ 75 ശതമാനം വരെയും അനുവദിക്കാം.
തിരിച്ചടവ്: ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥയും ആർബിഐ കർശനമാക്കി. പലിശ മാത്രം അടച്ച് വായ്പ പുതുക്കി വയ്ക്കാൻ ഇനി കഴിയില്ല. 12 മാസത്തിനുള്ളിൽ മുതലും പലിശയും മുഴുവനായും തിരിച്ചടയ്ക്കണം.
വീഴ്ച വരുത്തിയാൽ പിഴ
പണയത്തുക തിരിച്ചടച്ചാൽ അന്നേ ദിവസമോ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിലോ പണയംവച്ച സ്വർണം തിരികെ നൽകണം. ഇതിൽ വീഴ്ചവരുത്തുന്ന ബാങ്കുകൾ പ്രതിദിനം 5,000 രൂപ വീതം പിഴ നൽകേണ്ടി വരും.
ഇതിനു പുറമെ ഈട്, അതിന്റെ മൂല്യ നിർണയരീതി, ലേല വ്യവസ്ഥകൾ, സ്വർണം മടക്കി നൽകുന്നതിനുള്ള സമയപരിധി ഇക്കാര്യങ്ങൾ ഇടപാടുകാരന് നൽകുന്ന വായ്പാകരാറിൽ വ്യക്തമാക്കിയിരിക്കണം. വിശദാംശങ്ങളെല്ലാം വായ്പ എടുത്ത ആൾക്ക് മനസിലാകുന്ന ഭാഷയിൽ തയാറാക്കി നല്കുകയും വേണം.
തിരിച്ചടവ് മുടങ്ങിയാൽ ലേല നടപടി: പണയ സ്വർണം ലേലം ചെയ്യുന്നതിന് മുന്പ് ഉപഭോക്താവിനെ ചട്ടപ്രകാരം അറിയിപ്പ് നൽകണം. ലേലത്തിനുള്ള മിനിമം തുക വിപണി മൂല്യത്തിന്റെ 90 ശതമാനമെങ്കിലും റിസർവ് തുകയായി നിലനിർത്തണം. വിജയകരമല്ലാത്ത രണ്ട് ലേലങ്ങൾക്ക് ശേഷം ഇത് 85 ശതമാനമാക്കാം. ലേലം ചെയ്ത് കിട്ടുന്ന തുകയിൽ വായ്പാതിരിച്ചടവിന് ശേഷം ബാക്കിവരുന്നത് ഏഴ് ദിവസത്തിനുള്ളിൽ ഉപഭോക്താവിന് മടക്കി നൽകുകയും വേണം.
സുതാര്യത ഉറപ്പാക്കണം
വായ്പാ നിബന്ധനകൾ, മൂല്യനിർണയം, തിരിച്ചടവ് വ്യവസ്ഥകൾ, ലേല നടപടികൾ എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉപഭോക്താവ് ആവശ്യപ്പെടുന്ന ഭാഷയിൽ ലഭ്യമാക്കണം. വായ്പ എടുക്കുന്നയാളിന് എഴുത്തും വായനയും അറിയില്ലെങ്കിൽ സ്വതന്ത്രനായ മറ്റൊരാളുടെ സാന്നിധ്യത്തിൽ ഇക്കാര്യങ്ങൾ വിശദീകരിക്കണമെന്നും ആർബിഐ നിർദേശത്തിൽ പറയുന്നു.