ഇനിയും മടങ്ങിയെത്തിയില്ല, 5,884 കോടി മൂല്യമുള്ള 2000ത്തിന്റെ നോട്ടുകൾ
Friday, October 3, 2025 10:53 PM IST
കൊല്ലം: പിൻവലിക്കൽ പ്രഖ്യാപിക്കലിനുശേഷം 2000 രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ചെത്താനുള്ളത് 5,884 കോടി രൂപയുടെ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെപ്റ്റംബർ 30ലെ കണക്ക് അനുസരിച്ച് 98.35 ശതമാനം നോട്ടുകൾ തിരിച്ചെത്തി.
ആർബിഐ ഓഫീസുകളിൽ ഇപ്പോഴും ഈ നോട്ടുകൾ മാറ്റിവാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യക്തികൾക്ക് ഇന്ത്യ പോസ്റ്റ് വഴിയും നോട്ടുകൾ കൈമാറി അവരവരുടെ ബാങ്ക് അക്കൗണ്ടിൽ തുക ക്രെഡിറ്റ് ചെയ്യാം. 2023 മേയ് 19നാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത്.
അന്ന് 3.56 ലക്ഷം കോടി രൂപയുടെ 2000ന്റെ കറൻസികളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. ഇതാണ് 5, 884 കോടിയായി കുറഞ്ഞത്.
2023 ഒക്ടോബർ ഒമ്പത് മുതൽ റിസർവ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകൾ വഴി വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നുണ്ട്. കേരളത്തിൽ തിരുവനന്തപുരത്താണ് ആർബിഐയുടെ ഇഷ്യൂ ഓഫീസ് പ്രവർത്തിക്കുന്നത്.