ഓഹരിവിപണി കരുത്തിൽ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, October 6, 2025 3:07 AM IST
നിക്ഷേപകരിൽ പ്രതീക്ഷ പകർന്ന് ഓഹരി സൂചിക കരുത്ത് തിരിച്ചുപിടിച്ചു. സെൻസെക്സും നിഫ്റ്റിയും കാഴ്ചവച്ച ശക്തമായ തിരിച്ചുവരവ് ദീപാവലി മുന്നിൽ കണ്ടുള്ള കുതിച്ചുചാട്ടമായി വിലയിരുത്താം. കഴിഞ്ഞവാരം ബോംബെ സൂചിക 780 പോയിന്റും നിഫ്റ്റി 239 പോയിന്റും മികവിലാണ്. നിഫ്റ്റി 25,000നു മുകളിൽ ഇടം പിടിക്കാനുള്ള തയാറെടുപ്പാണു പുരോഗമിക്കുന്നത്.
രൂപയ്ക്ക് കരുത്തു പകരാൻ കേന്ദ്ര ബാങ്ക് നടത്തുന്ന നീക്കങ്ങൾ അനുകൂലഫലം ഉളവാക്കാം. സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാൻ പലിശ നിരക്കുകളിൽ ആർബിഐ ഭേദഗതികൾക്ക് മുതിർന്നില്ല. നാണയപ്പെരുപ്പം പിടിച്ചുനിർത്തുന്നതിൽ കൈവരിച്ച വിജയം വർഷാന്ത്യം വരെ ഉണർവിനു വഴിതെളിക്കാം.
പശ്ചിമേഷ്യൻ സംഘർഷാവസ്ഥയ്ക്ക് അയവ് കണ്ടുതുടങ്ങിയത് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില തണുക്കാൻ അവസരം ഒരുക്കും. എണ്ണ വില ബാരലിന് 66.60 ഡോളറിൽനിന്ന് 64 ഡോളറിലേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം നിരക്ക് 64.45 ഡോളറിലാണ്. പലസ്തീൻ മേഖലയിലെ ശാന്ത അന്തരീക്ഷം ക്രൂഡ് ഓയിൽ വില ബാരലിന് 62-58 ഡോളറിലേക്ക് വരും മാസങ്ങളിൽ താഴ്ത്താൻ ഇടയുണ്ട്.
രാജ്യം ഉത്സവ സീസണിൽ നീങ്ങുന്നതിനാൽ ഓഹരിവിപണിയിൽ ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങിയെങ്കിലും ദീപാവലി വേളയിലെ ഉണർവ് മുന്നിൽകണ്ട് വൻ നിക്ഷേപങ്ങൾക്ക് ഓപ്പറേറ്റർമാർ രംഗത്തുണ്ട്. ഊഹക്കച്ചവടക്കാർ അവസരം നേട്ടമാക്കാൻ വിപണിയിലെ ഓരോ ചലനങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നു. നിഫ്റ്റി സൂചിക മുൻവാരത്തിലെ 25,654 പോയിന്റിൽനിന്നും പ്രതിരോധ മേഖലയിലേക്ക് സഞ്ചരിക്കാനായില്ലെങ്കിലും താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകാരുടെ കരുത്തിൽ 24,904 വരെ മുന്നേറിയ ശേഷം വ്യാപാരാന്ത്യം 24,894 പോയിന്റിലാണ്.
വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയ്ക്ക് മുൻതൂക്കം നൽകിയെങ്കിലും ആഭ്യന്തര ഫണ്ടുകൾ ഇടപാടുകൾ നടന്ന നാലു ദിവസങ്ങളിലും വാങ്ങലുകാരായിരുന്നു. ഈ വാരം നിഫ്റ്റിക്ക് 25,000ൽ ആദ്യ പ്രതിരോധം പ്രതീക്ഷിക്കാം. ഇത് മറികടക്കാനായാൽ 25,106 - 25,414 പോയിന്റിനെ ദീപാവലി വേളയിൽ കൈപ്പിടിയിൽ ഒതുക്കാം. വിപണിയുടെ താങ്ങ് 24,692 -24,490 റേഞ്ചിലാണ്. മറ്റ് സാങ്കേതിക വശങ്ങൾ പലതും ബുള്ളിഷെങ്കിലും എംഎസിഡി റിവേഴ്സ് ഗിയറിനു അണിയറ നീക്കങ്ങൾ തുടങ്ങിയതിനാൽ നിക്ഷേപകർ കരുതലോടെ ചുവടുവയ്പ് നടത്തുക.
സെൻസെക്സ് 80,426 പോയിന്റിൽനിന്നും നേരിയ റേഞ്ചിലാണു വാരത്തിന്റെ ആദ്യ പകുതിയിൽ നീങ്ങിയത്, ഇതിനിടയിൽ സെൻസെക്സ് 80,212 വരെ താഴ്ന്നെങ്കിലും തിരിച്ചുവരവിൽ സൂചിക 81,251.99 പോയിന്റ് വരെ മുന്നേറി, വാരാന്ത്യം 81,207ൽ നിലകൊള്ളുന്ന വിപണി ഈവാരം 81,567ലേക്കും തുടർന്ന് 81,927ലേക്കും മുന്നേറ്റ ശ്രമം നടത്താം. വിപണിയുടെ സപ്പോർട്ട് 80,529 – 79,851 പോയിന്റിലാണ്.
വാങ്ങലുകാരായി ആഭ്യന്തര ഫണ്ടുകൾ
വിദേശ ഫണ്ടുകൾ തുടർച്ചയായ പതിനാലാം വാരത്തിലും വിൽപ്പനക്കാരായി മൊത്തം 8347.25 കോടി രൂപയുടെ ഓഹരികൾ നാലു ദിവസങ്ങളിലായി വിറ്റഴിച്ചു. 25 ആഴ്ചകളായി ആഭ്യന്തര ഫണ്ടുകൾ വിപണിക്ക് ശക്തമായ പിന്തുണ നൽകി മുൻനിര, രണ്ടാം നിര ഓഹരികളിൽ കനത്ത നിക്ഷേപം തുടരുന്നു.
പിന്നിട്ട വാരം അവർ 13,013.40 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. സെപ്റ്റംബറിൽ ആഭ്യന്തര ഫണ്ടുകൾ നിക്ഷേപിച്ചത് 65,338.59 കോടി രൂപയാണ്. ഒക്ടോബറിലെ അവരുടെ നിക്ഷേപം 3405.09 കോടി രൂപയും. ഉത്സവ ദിനങ്ങളായതിനാൽ വാങ്ങൽ താത്പര്യം ഉയർത്താൻ ഇടയുണ്ട്.
വിദേശ ഓപ്പറേറ്റർമാർ ഡോളറിൽ പിടിമുറുക്കിയതോടെ രൂപ 88.71ൽനിന്നും 88.85ലേക്ക് ദുർബലമായത് കണ്ട് കേന്ദ്ര ബാങ്ക് ശക്തമായ നീക്കങ്ങൾ നടത്തിയതിനാൽ വാരാന്ത്യം രൂപ 88.71ലാണ്.
സ്വർണം കുതിക്കുന്നു
അന്താരാഷ്ട്ര മാർക്കറ്റിൽ മഞ്ഞലോഹം വീണ്ടും റിക്കാർഡ് പുതുക്കി. ന്യൂയോർക്കിൽ ട്രോയ് ഔൺസിനു 3758 ഡോളറിൽനിന്നും റിക്കാർഡ് നിരക്കായ 3894 ഡോളർ വരെ ഉയർന്നു, വാരാന്ത്യം സ്വർണം 3885 ഡോളറിലാണ്.
ബുള്ളിഷ് മനോഭാവം നിലനിർത്തുന്ന സ്വർണം പുതിയ ഉയരം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. പതിനാലു വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിമാസ പ്രകടനമാണ് സെപ്റ്റംബറിൽ കാഴ്ചവച്ചത്. ട്രോയ് ഔൺസിനു 300 ഡോളർ കുതിപ്പ്, ഒരു വർഷത്തിലെ മുന്നേറ്റം 1231 ഡോളർ.
സാങ്കേതികമായി വിപണി ശക്തമെങ്കിലും വീക്കിലി ചാർട്ടിന്റെ ചലനങ്ങൾ വിലയിരുത്തിയാൽ മാസാന്ത്യത്തിനു മുന്നേ സ്വർണം തിരുത്തലിലേക്ക് മുഖം രിക്കാം. എന്നാൽ, യുഎസ് സാന്പത്തിക മേഖലയിലെ പ്രതിസന്ധികൾ ജനുവരി-മാർച്ച് കാലയളവിൽ സ്വർണത്തെ 4000 ഡോളറിനു മുകളിലെത്തിക്കാം. അത്തരം ഒരു കുതിപ്പിനു മുന്നേ ഒരു തിരുത്തൽ അനിവാര്യം.