ബയോ കണക്ട് 3.0 ; ഒന്‍പത്, 10 തീയതികളില്‍ കോവളത്ത്
Saturday, October 4, 2025 10:52 PM IST
തിരുവനന്തപുരം: കേരളത്തിലെ ജീവശാസ്ത്ര മേഖലയെ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ബയോ കണക്ട് ഇന്റര്‍നാഷണല്‍ ലൈഫ് സയന്‍സസ് കോണ്‍ക്ലേവ് ആന്‍ഡ് എക്സ്പോയുടെ മൂന്നാം പതിപ്പ് ഒന്‍പത്, 10 തീയതികളില്‍ കോവളം ലീല റാവിസില്‍ നടക്കുമെന്നു വ്യവസായ മന്ത്രി പി.രാജീവ് വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഎസ്ഐഡിസി) കീഴിലുള്ള കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കും ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ്, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി ന്യൂട്രാസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, എഐ ആന്‍ഡ് ഹെല്‍ത്ത്, ആയുര്‍വേദം തുടങ്ങിയ മേഖലകളില്‍ പ്രത്യേക സെഷനുകള്‍ സംഘടിപ്പിക്കും. ആര് ആന്‍ഡ് ഡി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ഗവേഷണ കേന്ദ്രങ്ങളും കമ്പനികളും അവരുടെ സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കും.
കേരളത്തെ ആരോഗ്യബയോടെക് മേഖലകളിലെ ഇന്നൊവേഷന് ഹബ്ബ് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് കണക്ടിംഗ് സയന്‍സ് ടു ബിസിനസ് എന്ന മുദ്രാവാക്യവുമായി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമായി 700 ലധികം പ്രതിനിധികളും 75 ലധികം എക്സിബിറ്റര്‍മാരും 60 ലധികം വക്താക്കളും കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലാബ് സെന്‍ട്രല്‍ സ്ഥാപകനും കേംബ്രിഡ്ജ് ഇന്നവേഷന്‍ സെന്ററിന്റെ സഹസ്ഥാപകനുമായ ടിമോത്തി റോവ് (അമേരിക്ക), ഫോഗാര്‍ട്ടി ഇന്നവേഷന്‍ സിഇഒ ആന്‍ഡ്രൂ ക്ലീലാന്‍ഡ് (സിലിക്കണ്‍ വാലി) എന്നിവരാണ് പ്രധാന അന്താരാഷ്ട്ര വക്താക്കള്‍.