യഹൂദ വിരുദ്ധ വിദ്വേഷം വർധിക്കുന്നതിൽ ആശങ്കയെന്ന് ലെയോ മാർപാപ്പ
Monday, October 6, 2025 3:03 AM IST
വത്തിക്കാൻ സിറ്റി: യഹൂദർക്കെതിരായ വിദ്വേഷം വർധിക്കുന്നതിനെ അപലപിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. മധ്യപൂർവദേശത്ത് എത്രയുംവേഗം സമാധാനം തിരികെക്കൊണ്ടുവരണമെന്നും ഫിലിപ്പീൻസിനെ നടുക്കിയ ഭൂകന്പദുരന്തത്തിലെ ഇരകൾക്കായി പ്രാർഥിക്കുന്നതായും ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തീർഥാടകരെ അഭിസംബോധന ചെയ്യവെ മാർപാപ്പ പറഞ്ഞു. “ലോകത്ത് യഹൂദവിരുദ്ധ വിദ്വേഷം വർധിച്ചുവരുന്നതിൽ എനിക്ക് ആശങ്കയുണ്ട്, നിർഭാഗ്യവശാൽ കുറച്ച് ദിവസങ്ങൾക്കുമുമ്പ് മാഞ്ചസ്റ്ററിൽ നടന്ന ഭീകരാക്രമണത്തിൽ നമ്മൾ കണ്ടതുപോലെ’’-മാർപാപ്പ പറഞ്ഞു.
ഗാസയിലെ പലസ്തീൻ ജനതയുടെ വലിയ കഷ്ടപ്പാടുകളിൽ താൻ ഇപ്പോഴും ദുഃഖിതനാണെന്നും മാർപാപ്പ പറഞ്ഞു. മധ്യപൂർവദേശത്തെ സമാധാന ചർച്ചകളിൽ ചില സുപ്രധാന ചുവടുവയ്പുകൾ ഉണ്ടായിട്ടുണ്ട്. വെടിനിർത്തലും ബന്ദിമോചനവും സാധ്യമാക്കി സമാധാനമെന്ന ലക്ഷ്യത്തിലേക്ക് ബന്ധപ്പെട്ട എല്ലാ നേതാക്കളും ഒന്നിച്ചുനീങ്ങണം.
സമാധാനശ്രമങ്ങൾ വിജയിക്കാനും ശാശ്വത സമാധാനം സ്ഥാപിതമാകുവാനും എല്ലാവരും പ്രാർഥിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. ഈ ജപമാലമാസത്തിൽ സമാധാനത്തിനായുള്ള നമ്മുടെ പ്രാർഥനയെ നമുക്ക് കൂടുതൽ ആഴത്തിലാക്കാമെന്നും യുദ്ധത്താൽ പീഡിപ്പിക്കപ്പെടുന്ന ആളുകളോടുള്ള മൂർത്തമായ ഐക്യദാർഢ്യമായി നമ്മുടെ പ്രാർഥനകൾ മാറട്ടേയെന്നും പറഞ്ഞ മാർപാപ്പ, ഈ ഉദ്ദേശ്യത്തിനായി ജപമാല ചൊല്ലാൻ സ്വയം സമർപ്പിച്ച ലോകമെമ്പാടുമുള്ള കുട്ടികൾക്ക് നന്ദി പറയുന്നതായും പറഞ്ഞു.
2025 പ്രത്യാശയുടെ ജൂബിലി വര്ഷാചരണത്തിന്റെ ഭാഗമായി നടന്ന മിഷണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരെ സ്വാഗതം ചെയ്ത മാർപാപ്പ, അവർ നൽകുന്ന സാക്ഷ്യത്തിന് നന്ദി പറയുകയും ചെയ്തു. സഭ പൂർണമായും മിഷണറിയാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
രണ്ടുദിവസം നീണ്ടുനിന്ന ജൂബിലിയാഘോഷത്തിനു സമാപനം കുറിച്ച് ഇന്നലെ രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയിൽ മാർപാപ്പ മുഖ്യകാർമികത്വം വഹിച്ചു.
വിശുദ്ധകുർബാനമധ്യേ നൽകിയ സന്ദേശത്തിൽ കാരുണ്യത്തിലൂടെയും പരസ്നേഹത്തിലൂടെയും തങ്ങളുടെ മിഷണറി ദൈവവിളി പുതുക്കാൻ എല്ലാ വിശ്വാസികളോടും അഭ്യർഥിച്ച മാർപാപ്പ, കുടിയേറ്റക്കാരെ സ്വാഗതം ചെയ്യണമെന്നും ആഹ്വാനം ചെയ്തു. നൂറോളം രാജ്യങ്ങളിൽനിന്നായി 50,000ത്തോളം പേർ ജൂബിലിയാഘോഷത്തിൽ പങ്കെടുത്തു.