ഗാസ വെടിനിർത്തൽ: കയ്റോയിൽ ഇന്ന് ചർച്ച
Monday, October 6, 2025 3:03 AM IST
കയ്റോ: പശ്ചിമേഷ്യാ സമാധാന നീക്കങ്ങളിൽ സുപ്രധാനമായ വെടിനിർത്തൽ ചർച്ച ഇന്ന് ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിൽ ആരംഭിക്കും. ഇസ്രയേൽ, ഹമാസ്, അമേരിക്ക, ഈജിപ്ത്, ഖത്തർ പ്രതിനിധികളാണ് പരോക്ഷ ചർച്ചയിൽ പങ്കെടുക്കുക. ഗാസ വെടിനിർത്തലിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ഇരുപതിന പദ്ധതി സംബന്ധിച്ച് അവശേഷിക്കുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കലാണു ചർച്ചയുടെ ലക്ഷ്യം.
പദ്ധതി പ്രകാരം, കസ്റ്റഡിയിൽ അവശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കാനും ഗാസാ ഭരണം സ്വതന്ത്ര സമിതിക്കു കൈമാറാനും തയാറാണെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഹമാസ് ആയുധം വെടിയണം എന്ന നിർദേശത്തിൽ പ്രതികരണം നല്കിയിട്ടില്ല. ഹമാസിനെ നിരായുധീകരിക്കണം എന്ന ആവശ്യത്തിൽ ഒരുവിധ വിട്ടുവീഴ്ചയ്ക്കും ഇസ്രയേൽ തയാറല്ല. വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ ഭാഗത്തുനിന്നു താമസം ഉണ്ടാകുന്നത് അനുവദിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
ബന്ദിമോചനം അടക്കമുള്ള വിഷയങ്ങളിലെ ഹമാസിന്റെ അനുകൂല നിലപാടുകൾ വെടിനിർത്തലിലേക്കു നയിക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഇന്ന് കയ്റോയിൽ ചർച്ചയാരംഭിക്കുന്നത്. ഗാസയിൽനിന്നുള്ള ഇസ്രേലി സേനാ പിന്മാറ്റത്തിനു കൃത്യമായ സമയപദ്ധതി വേണമെന്ന് ഹമാസ് ചർച്ചയിൽ ആവശ്യപ്പെടുമെന്നാണു റിപ്പോർട്ട്.
ബന്ദിമോചനം ഉടൻ: നെതന്യാഹു
ഹമാസ് കസ്റ്റഡിയിലുള്ള ബന്ദികളുടെ മോചനം സംബന്ധിച്ച വാർത്ത വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ കഴിഞ്ഞേക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഏതു വഴി സ്വീകരിച്ചും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ സൈനികമുക്തമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിൽ ആക്രമണം തുടരുന്നു
ഇസ്രേലി സേന ഗാസയിൽ ആക്രമണം നിർത്താൻ തയാറായിട്ടില്ല. ശനിയാഴ്ച രാത്രിയും ഇന്നലെ പകരും ഇസ്രേലി യുദ്ധവിമാനങ്ങളും ടാങ്കുകളും ഗാസയുടെ പലഭാഗങ്ങളിൽ ആക്രമണം നടത്തി. ഒട്ടേറെ പാർപ്പിട കേന്ദ്രങ്ങൾ നശിപ്പിച്ചു.
ഹമാസ് വെടിനിർത്തൽ നിർദേശം അംഗീകരിച്ച പശ്ചാത്തലത്തിൽ ഇസ്രയേൽ ഗാസയിലെ ആക്രമണം നിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.