പെൺപടയോട്ടം; പാക്കിസ്ഥാനെതിരേ ഇന്ത്യക്ക് 88 റണ്‍സ് ജയം
Monday, October 6, 2025 3:21 AM IST
കൊളംബോ: 2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ചിരവൈരികളായ പാക്കിസ്ഥാനെ 88 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യൻ പെണ്‍പട. ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടിവരുകയായിരുന്നു. ഹര്‍ലീന്‍ ഡിയോള്‍ (46), റിച്ച ഘോഷ് (35 നോട്ടൗട്ട്), ജെമീമ റോഡ്രിഗസ് (32), പ്രതീക റാവല്‍ (31) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ 30ല്‍ അധികം റണ്‍സ് നേടിയത്. പാക്കിസ്ഥാന്റെ ഡയാന ബെയ്ഗ് നാലു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന് 26 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാല്‍, പിന്നീട് ശ്രദ്ധയോടെ ബാറ്റ് ചലിപ്പിച്ച പാക് വനിതകള്‍ സ്കോര്‍ ഉയര്‍ത്തി. അര്‍ധസെഞ്ചുറി നേടിയ സിദ്ര അമീനും (81) നതാലിയ പെര്വൈസുമായിരുന്നു (33) പാക്കിസ്ഥാന്റെ തിരിച്ചടിക്കു നേതൃത്വം നല്‍കിയത്. എന്നാൽ, ഇവർ പുറത്തായതോടെ പാക്കിസ്ഥാൻ തകർന്നടിഞ്ഞു.
102/5 ൽനിന്നും 57 റണ്‍സ് എടുക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റുകൾ ഇന്ത്യ കൊയ്തു. ഇന്ത്യക്കുവേണ്ടി ക്രാന്തി ഗൗഡും ദീപ്തി ശർമയും മൂന്നു വിക്കറ്റ് വീതവും സ്നേഹ് റാണ രണ്ട് വിക്കറ്റും വീഴ്ത്തി.
ബിസിസിഐയുടെ നിര്‍ദേശം ശിരസാവഹിച്ച് പുരുഷ ടീമിനു പിന്നാലെ ഇന്ത്യന്‍ വനിതാ ടീമും പാക്കിസ്ഥാന് കളിക്കാര്‍ക്കു ഹസ്തദാനമില്ലാതെയാണ് മത്സരം ആരംഭിച്ചത്. ടോസിന് എത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പാക് ക്യാപ്റ്റന്‍ സന ഫാത്തിമയ്ക്കു കൈ നല്‍കിയില്ല.
കൂട്ടുത്തരവാദിത്വം
പാക് ബൗളര്‍മാരുടെ അച്ചടക്കത്തോടെയുള്ള ബൗളിംഗിനെ കൂട്ടുത്തരവാദിത്വത്തോടെയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേരിട്ടത്. ഓപ്പണര്‍മാരായ പ്രതിക റാവലും സ്മൃതി മന്ദാനയും ആദ്യ ഓവറുകളില്‍ തകര്‍ത്തടിച്ചെങ്കിലും പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് ശൈലിമാറി. എന്നാല്‍, ഒമ്പതാം ഓവറിലെ അവസാന പന്തില്‍ സ്മൃതി മന്ദാനയെ സന ഫാത്തിമ വിക്കറ്റിനു മുന്നില്‍ കുടുക്കി. 32 പന്തില്‍ 23 റണ്‍സ് ആയിരുന്നു സ്മൃതിയുടെ സംഭാവന.

സ്കോര്‍ 67ല്‍ നില്ക്കുമ്പോള് പ്രതികയും മടങ്ങി. 37 പന്തില്‍ അഞ്ച് ഫോറിന്റെ സഹായത്തോടെ 31 റണ്‍സുമായാണ് പ്രതിക പവലിയന്പൂകിയത്.
മൂന്നാം നമ്പറായി ക്രീസില്‍ എത്തിയ ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. 65 പന്തില്‍ ഒരു സിക്സും നാല് ഫോറും അടക്കം ഹര്‍ലീന്‍ 46 റണ്‍സ് നേടി. കൂറ്റനടിക്കുശ്രമിച്ചാണ് ഹര്‍ലീന്‍ പുറത്തായത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (34 പന്തില്‍ 19) അധികം ക്രീസില്‍ തുടര്‍ന്നില്ല.
മികച്ച രീതിയില്‍ ബാറ്റ് ചലിപ്പിച്ച ജമീമ റോഡ്രിഗസിനെ നസ്ര സന്ധു വിക്കറ്റിനു മുന്നില്‍ കുടുക്കി. 37 പന്തില്‍ 32 റണ്‍സായിരുന്നു ജെമീമയുടെ സമ്പാദ്യം. ദീപ്തി ശര്‍മ (33 പന്തില്‍ 25), സ്നേഹ റാണ (33 പന്തില്‍ 20) എന്നിവരും മധ്യനിരയില്‍ രണ്ടക്കം കണ്ടു.
ഇന്ത്യന്‍ സ്കോര്‍ 247ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിച്ച ഘോഷ് ആയിരുന്നു. 20 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 35 റണ്‍സുമായി റിച്ച പുറത്താകാതെ നിന്നു.
തീപാറും ബൗളിംഗ്
തീപാറുന്ന പന്തുകളുമായാണ് ഇന്ത്യന്‍ പേസര്‍മാരായ രേണുക സിംഗും ക്രാന്തി ഗൗഡും പാക്കിസ്ഥാന് ടോപ് ഓര്‍ഡറിനെ വരവേറ്റത്. സ്വിംഗും സീമും സമന്വയിപ്പിച്ച പേസ് ആക്രമണത്തില്‍ പാക്കിസ്ഥാന് ഉരുകി. രേണുക-ക്രാന്തി പേസ് ആക്രമണത്തില്‍ വിഷമിക്കുന്നതിനിടെ ഓപ്പണര്‍ മുനീബ അലിയെ (12 പന്തില്‍ 2) ദീപ്തി ശര്‍മ റണ്ണൗട്ടാക്കി.

എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച മുനീബ ക്രീസില്‍ ബാറ്റുകൊണ്ട് തൊട്ടു. എന്നാല്‍, ഫസ്റ്റ് സര്‍ക്കിളിനുള്ളില്‍ നിന്നുള്ള ദീപ്തിയുടെ ത്രോ വിക്കറ്റ് ഇളക്കി. റിവ്യൂവില്‍ വിക്കറ്റ് തെറിക്കുമ്പോള്‍ മുനീബയുടെ ബാറ്റ് വായുവിലായിരുന്നെന്നു വ്യക്തമായതോടെ അമ്പയര്‍ ഔട്ട് വിധിച്ചു. പാക് താരങ്ങൾ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.