വൗ, എസ്റ്റേവോ..!പ്രീമിയർ ലീഗിൽ ലിവര്‍പൂളിനെ വീഴ്ത്തി ചെല്‍സി
Monday, October 6, 2025 3:21 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്സിക്കു 2025-26 സീസണില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ ജയിച്ച് പെര്‍ഫെക്ട് സ്റ്റാര്‍ട്ട് കുറിച്ചശേഷമാണ് ലിവര്‍പൂളിന്റെ തുടര്‍ തോല്‍വി. എവേ പോരാട്ടത്തില്‍ ചെല്‍സിയോടാണ് ലിവര്‍പൂള്‍ പരാജയം സമ്മതിച്ചത്. സ്റ്റോപ്പേജ് ടൈമില്‍ ബ്രസീലിയന്‍ കൗമാരതാരം എസ്റ്റേവോ നേടിയ ഗോളില്‍ 2-1നാണ് ചെല്‍സിയുടെ ജയം.
2025 ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരായ ചെല്‍സിക്കുവേണ്ടി മോയിസെസ് കൈസെഡോ 14-ാം മിനിറ്റില്‍ ലീഡ് നേടി. എന്നാല്‍, 63-ാം മിനിറ്റില്‍ കോഡി ഗാക്പോയിലൂടെ ലിവര്‍പൂള്‍ സമനിലയില്‍ എത്തി. 90+5-ാം മിനിറ്റില്‍ മക് കുര്ക്കെല്ലയുടെ അസിസ്റ്റില്‍ ക്ലോസ് റേഞ്ചില്‍നിന്ന് 18കാരന് എസ്റ്റേവോയുടെ ഷോട്ട് ലിവര്‍പൂള്‍ വലയില്‍. പ്രീമിയര്‍ ലീഗില്‍ എസ്റ്റേവോയുടെ കന്നി ഗോളാണ്.
ലിവര്‍പൂളിന് എതിരേ ചെല്‍സി അവസാനം കളിച്ച അഞ്ച് ഹോം മത്സരങ്ങളിലും തോല്‍വി വഴങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയം; രണ്ട് ജയവും മൂന്നു സമനിലയും. തോല്‍വിയോടെ ലീഗ് ടേബിളിന്റെ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം ലിവര്‍പൂളിനു നഷ്ടമായി. ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി 16 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 15 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാമതുണ്ട്. ടോട്ടന്‍ഹാം ഹോട്ട്സ്പുറാണ് (14) മൂന്നാം സ്ഥാനത്ത്.
മൂന്നാം തോല്‍വി
2025-26 സീസണില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ്. ക്രിസ്റ്റല്‍ പാലസിനോട് എവേ പോരാട്ടത്തില്‍ 2-1നു പരാജയപ്പെട്ടതോടെയാണ് ചെമ്പടയുടെ തുടര്‍ തോല്‍വിക്കു തുടക്കമായത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുര്‍ക്കി ക്ലബ്ബായ ഗലറ്റ്സറെയ്ക്കെതിരേയും (1-0) ലിവര്‍പൂള്‍ തോല്‍വി വഴങ്ങി. ഇതിനു പിന്നാലെയാണ് ചെല്‍സിക്ക് എതിരായ തോല്‍വി. ലിവര്‍പൂളിന്റെ മൂന്നു തുടര്ത്തോല്വിയും എവേ പോരാട്ടത്തിലാണ്.