കൊന്പനെ വീഴ്ത്തിയ വന്പ്
തോമസ് വര്‍ഗീസ്
Monday, October 6, 2025 3:21 AM IST
തിരുവനന്തപുരം: ആദ്യാവസാനം കാല്പന്തുകളിയുടെ മാസ്മരികത സമ്മാനിച്ച സൂപ്പര്‍ ലീഗ് കേരള പോരാട്ടത്തില്‍ ട്രിവാന്‍ഡ്രം കൊമ്പന്സിനെതിരേ കണ്ണൂര്‍ വാരിയേഴ്സിന് 3-2ന്റെ ജയം.
വാരിയേഴ്സിന് വേണ്ടി ടി. ഷിജിന്, കരീം സാംബ എന്നിവര്‍ ഓരോ ഗോള്‍ സ്വന്തമാക്കി. കൊമ്പന്‍സ് പ്രതിരോധ താരം ഫിലിപ്പേ അല്‍വെസ് ഒരു സെല്‍ഫ് ഗോള്‍ സമ്മാനിച്ചു. തിരുവനന്തപുരം കൊമ്പന്‍സിന് വേണ്ടി ഔതമര്‍ ബിസ്പോയും വിഗ്നേഷും ഓരോ ഗോള്‍ വീതം നേടി. കണ്ണൂരിന്റെ ഷിജിനാണ് കളിയിലെ താരം.
ഇഞ്ചുറി ടൈം വരെ ആവേശം അലതല്ലിയ പോരാട്ടത്തിനാണ് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കണ്ണൂരിന്റെ ശക്തമായ മുന്നേറ്റത്തോടെയാണ് ആദ്യമിനിറ്റുകള്‍ കടന്നുപോയത്. 14-ാം മിനിറ്റില്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ കരീം സാംബയുടെ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് കൊമ്പന്‍സിന്റെ ഗോളി ആര്യന് ആഞ്ജനേയ തടുത്തു. 20-ാം മിനിറ്റില്‍ കൊമ്പന്‍സിന് അനുകൂലമായി ലഭിച്ച ത്രോ അബ്ദുല്‍ ബാദിഷ് നേരേ ബിസ്പോയുടെ മുന്നിലേക്ക്. ബിസ്പോ ഹെഡ് ചെയ്ത പന്ത് ഗോളി തടുത്തിട്ടു.
മത്സരത്തില്‍ കൊമ്പന്‍സ് ആധിപത്യം പുലര്‍ത്തുന്നുവെന്ന തോന്നലിനിടെ 28-ാം മിനിറ്റില്‍ കണ്ണൂര്‍ ഗോള്‍ നേടി. അസിയര്‍ ഗോമസ് എടുത്ത കോര്‍ണര്‍ ക്യാപ്റ്റന്‍ ലവ് സാംബ ഹെഡ് ചെയ്ത് പിന്നിലേക്ക് മറിച്ചു. ഷിജിന് പന്ത് തട്ടി പോസ്റ്റിലേക്ക് ഇട്ടതോടെ കണ്ണൂര്‍ 1-0ന് മുന്നില്‍. ഐ ലീഗില്‍ ഗോകുലത്തിനു വേണ്ടി ജഴ്സി അണിഞ്ഞിട്ടുള്ള ഷിജിന് തിരുവനന്തപുരം സ്വദേശിയാണ്. ഒരു ഗോള്‍ വീണതോടെ സമനില ഗോളിനു വേണ്ടി കൊമ്പന്‍സും ലീഡ് ഉയര്‍ത്താന്‍ വാരിയേഴ്സും ശക്തമായ പ്രകടനം നടത്തി. 44-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ഗോളാക്കാന്‍ വാരിയേഴ്സിനു കഴിഞ്ഞില്ല.
രണ്ടാം പകുതി
കളിയുടെ 52-ാം മിനിറ്റില്‍ കൊമ്പന് സമനില ഗോള്‍ നേടി. പെനാല്‍റ്റി ബോക്സിനുള്ളിൽ കൊമ്പന്‍സിന്റെ ഒമ്പതാം നമ്പര്‍ താരം ഔതമര്‍ ബിസ്പോയെ കണ്ണൂരിന്റെ വികാസ് ഫൗള്‍ ചെയ്തു. റഫറി പെനാല്‍റ്റി വിസില്‍ മുഴക്കി. ബിസ്പോ എടുത്ത പെനാല്‍റ്റി കിക്ക് ഗോളിയെ മറികടന്ന് പോസ്റ്റിന്റെ വലതു മൂലയില്‍. കൊമ്പന്‍സ് 1-1 എന്ന സമനിലയിലേക്ക്. 68-ാം മിനിറ്റില്‍ വാരിയേഴ്സും കൊമ്പന്‍സും രണ്ടു മാറ്റങ്ങള്‍ വരുത്തി.
74-ാം മിനിറ്റില്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ മുന്നേറ്റം തടുക്കാന്‍ ശ്രമിച്ച കൊമ്പന്‍സിന്റെ ഫിലിപ് ആല്‍വേസ് പന്ത് അടിച്ച് പുറത്തേക്ക് കളയാന്‍ ശ്രമിച്ചത് സെല്‍ഫ് ഗോളില്‍ കലാശിച്ചു. കണ്ണൂര്‍ 2-1 ന് മുന്നില്‍. 79-ാം മിനിറ്റില്‍ ലഭിച്ച മികച്ച അവസരം കൊമ്പന്‍സിന്റെ വിക്ടര്‍ സില്‍വ പാഴാക്കി. 92-ാം മിനിറ്റില്‍ കരിം സാംബയിലൂടെ കണ്ണൂര്‍ ലീഡ് ഉയര്‍ത്തി.3-1. തൊട്ടടുത്ത മിനിറ്റില്‍ കിട്ടിയ ഫ്രീ കിക്ക് കൊമ്പന്‍സിന്റെ വിഘ്നേഷ് ഗോളാക്കി മാറ്റി. സ്കോര്‍ 3-2.