ഇറാനി കപ്പ് വിദര്‍ഭയ്ക്ക്
Monday, October 6, 2025 3:21 AM IST
നാഗ്പുര്‍: ഇറാനി കപ്പ് കിരീടം 2024-26 സീസണ് രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭയ്ക്ക്. കിരീട പോരാട്ടത്തില്‍ 93 റണ്‍സിന് റെസ്റ്റ് ഓഫ് ഇന്ത്യയെയാണ് വിദര്‍ഭ കീഴടക്കിയത്. സ്കോര്‍: വിദര്‍ഭ 342, 232. റെസ്റ്റ് ഓഫ് ഇന്ത്യ 214, 267.
361 റണ്‍സ് എന്ന ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സില്‍ ക്രീസിലെത്തിയ റെസ്റ്റ് ഓഫ് ഇന്ത്യ, അഞ്ചാം ദിനമായ ഇന്നലെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് എന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. യാഷ് ദുല്‍ (92), മാനവ് സുതാര്‍ (56 നോട്ടൗട്ട്) എന്നിവര്‍ പോരാടിയെങ്കിലും റെസ്റ്റ് ഓഫ് ഇന്ത്യയെ കരകയറ്റാന്‍ അതു മതിയായില്ല. വിദര്‍ഭയ്ക്കുവേണ്ടി ഹര്‍ഷ് ദുബെ നാലു വിക്കറ്റ് സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്സില്‍ 143 റണ്‍സ് നേടിയ അഥര്‍വ തൈഡെയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
മൂന്നില്‍ മൂന്ന് കിരീടം
വിദര്‍ഭ ഇറാനി കപ്പ് സ്വന്തമാക്കുന്നത് ഇതു മൂന്നാം തവണ. ഇറാനി കപ്പ് പോരാട്ടത്തില്‍ വിദര്‍ഭ പങ്കാളികളാകുന്നതും മൂന്നാം തവണയാണ്; വിദര്‍ഭയ്ക്ക് മൂന്നില്‍ മൂന്ന് ഇറാനി കപ്പ്. റെസ്റ്റ് ഓഫ് ഇന്ത്യയാണ് ഇറാനി കപ്പ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ ടീം; 30 പ്രാവശ്യം.