അര്‍ജന്റീനയുടെ വരവ്: ഇടഞ്ഞ് ഫുട്ബോള്‍ അസോസിയേഷന്
Monday, October 6, 2025 3:21 AM IST
കൊച്ചി: അര്‍ജന്റൈൻ ദേശീയ ഫുട്ബോള്‍ ടീം കൊച്ചിയില്‍ സൗഹൃദമത്സരത്തിന് വരുന്നതു സംബന്ധിച്ച് ബന്ധപ്പെട്ടവരില്‍നിന്ന് യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നു ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി വിജു ചൂളയ്ക്കല്‍.
ഫിഫ അംഗീകാരമുള്ള ദേശീയ ടീമുകള്‍ മറ്റൊരു രാജ്യത്തു മത്സരത്തില്‍ പങ്കെടുക്കണമെങ്കിൽ ആതിഥേയരാജ്യത്തെ ഫുട്ബോള്‍ ഭരണസമിതികളുടെ അംഗീകാരം ആവശ്യമാണ്. എന്നാല്‍, കൊച്ചിയിലെ അര്‍ജന്റീനയുടെ മത്സരവുമായി ബന്ധപ്പെട്ടു സ്പോണ്‍സര്‍മാരോ അധികൃതരോ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെയോ കേരള ഫുട്ബോള്‍ അസോസിയേഷനോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഔദ്യോഗിക ആശയവിനിമയം ഉണ്ടാകാത്തതിനാല്‍ പരിപാടിയുടെ ആധികാരികത, നിയമസാധുത, നടപടിക്രമങ്ങള്‍ പാലിക്കല്‍ എന്നിവയെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അര്‍ജന്റീന ടീം മത്സരത്തിനായി കേരളത്തിലെത്തുമ്പോള്‍ കേരള ഫുട്ബോള്‍ അസോസിയേഷന് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോയെന്നു സ്പോണ്‍സര്‍മാര്‍ വ്യക്തമാക്കണമെന്ന് കൊച്ചിയിൽ നടന്ന ജില്ലാ ഫുട്ബോള്‍ അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.