ദേശീയപാത-85: സർക്കാർ സത്യവാങ്മൂലം നിർണായകം; കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും
Monday, October 6, 2025 5:22 AM IST
അടിമാലി: ദേശീയപാത-85ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ഭാഗത്തെ വിപുലീകരണ ജോലികൾ നിർത്തിവച്ച ഹൈക്കോടതി ഉത്തരവിൽ നാളെ സർക്കാർ വിശദീകരണം നൽകണം. വിഷയത്തിൽ സത്യവാങ്മൂലം നല്കാൻ ഓഗസ്റ്റ് 21നും സെപ്റ്റംബർ 18നും സർക്കാരിനു കോടതി സമയം അനുവദിച്ചിരുന്നു. ഇതുവരെ രേഖകൾ സമർപ്പിക്കാതെ വന്നതോടെയാണ് വീണ്ടും നാളെ അവസാന തീയതി നൽകിയിരിക്കുന്നത്.
തൊടുപുഴ സ്വദേശി എം.എൻ. ജയചന്ദ്രൻ റോഡ് വികസനത്തിനായി മരങ്ങൾ മുറിക്കുന്നതിനെതിരേ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതി റോഡ് നിർമാണം നിർത്തിവച്ച് സർക്കാരിന്റെ വിശദീകരണം തേടിയത്. റോഡ് നിർമിക്കുന്ന പ്രദേശം വനഭൂമിയാണെന്നും അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റുകയും മണ്ണിടിക്കുകയും ചെയ്യുന്നു എന്നും കാണിച്ചായിരുന്നു ജയചന്ദ്രന്റെ ഹർജി.
സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ കോടതിയിൽ നൽകിയ വിശദീകരണത്തിൽ ഈ പ്രദേശം വനം ആണെന്ന് രേഖപ്പെടുത്തിയതോടെ ജൂലൈ 11ന് റോഡിന്റെ നിർമാണം കോടതി നിർത്തിവയ്പ്പിക്കുകയായിരുന്നു. ഇതിലാണ് കഴിഞ്ഞ രണ്ടു തവണ പുതിയ സത്യവാങ്മൂലം നൽകാൻ കോടതി സർക്കാരിനു സമയം അനുവദിച്ചത്.
രണ്ടു തവണയും സർക്കാർ അതിനു തയാറാകാതെ വന്നതോടെയാണ് നാളെ അവസാന അവസരം കോടതി സർക്കാരിനു നൽകിയിരിക്കുന്നത്. നാളെയും സർക്കാർ നിലവിലെ നയം തുടർന്നാൽ ദേശീയപാത നവീകരണം പൂർണമായി തടസപ്പെടും. റോഡ് റവന്യു വകുപ്പിന്റേ താണെന്ന് വ്യക്തമാക്കുന്ന രേഖകൾ സർക്കാർ കോടതിയിൽ സമർപ്പിക്കാനുള്ള അവസാന അവസരമാണ് നാളത്തേത്.
നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡിന്റെ 100 അടി വീതി റവന്യു വകുപ്പിന്റെതാണെന്ന 2024 മേയ് 28ലെ സർക്കാർ വാദം അംഗീകരിച്ച് റോഡ് നവീകരിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെയാണ് റോഡ് വനപ്രദേശത്താണെന്ന വാദവുമായി പൊതുതാത്പര്യ ഹർജി എത്തിയത്. ആ കേസിൽ സർക്കാർ പിന്നാക്കംപോയി. 12 മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ റവന്യു, വനം വകുപ്പ് മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം ചേർന്നു തീരുമാനമെടുത്തതാണ്. ഇതനുസരിച്ച് റോഡ് നിർമിക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ കരാർ നൽകി റോഡ് നിർമാണം ആരംഭിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ തടസപ്പെട്ടിരിക്കുന്നത്.
റോഡ് നിർമാണം തടസപ്പെട്ടതോടെ പ്രതിദിനം 23 ലക്ഷം രൂപ കരാറുകാരന് നഷ്ടമുണ്ടാകുന്നുണ്ട്. നിർമാണ തടസം പരിഹരിക്കാൻ ഇതുവരെ സർക്കാർ കോടതിയിൽ പുതിയ രേഖകൾ സമർപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് ദേശീയപാത ഉപരോധവും ചക്രസ്തംഭന സമരവും ആരംഭിക്കുമെന്ന് ദേശീയപാത സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.