വിസിമാരെ കണ്ടെത്താനുള്ള അഭിമുഖം തിരുവനന്തപുരത്ത് എട്ടുമുതൽ
Monday, October 6, 2025 5:22 AM IST
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലാ വിസിമാരെ കണ്ടെത്താനുള്ള അഭിമുഖം ഈ മാസം എട്ടു മുതല്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. നാലുദിവസമായി മസ്കറ്റ് ഹോട്ടലിലാണ് അഭിമുഖം.
യുജിസി റെഗുലേഷനും സുപ്രീംകോടതിയുടെ ഫുള്‍ ബെഞ്ച് വിധികള്‍ക്കും കടകവിരുദ്ധമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് വിസി നിയമനം നടത്താനുള്ള സുപ്രീംകോടതി ഉത്തരവിനെതിരേ ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയിരിക്കേയാണ് അഭിമുഖം.
സുപ്രീംകോടതി ചുമതലപ്പെടുത്തിയ റിട്ട. ജസ്റ്റീസ് സുധാംശു ധൂലിയയാണ് സെര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷന്‍. ഗവര്‍ണറും സര്‍ക്കാരും നിര്‍ദേശിച്ച നാലു പേര് വീതമാണ് രണ്ടു സെര്‍ച്ച് കമ്മിറ്റികളിലെയും അംഗങ്ങള്‍. കമ്മിറ്റി അംഗങ്ങള്‍ എല്ലാവരുംതന്നെ സംസ്ഥാനത്തിനു പുറത്തുള്ളവരാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വിസി നിയമത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചത്. 60 അപേക്ഷകര്‍ക്കാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തിനു പുറത്തുള്ളവരും അപേക്ഷകരായുണ്ട്. എട്ട്, ഒന്‍പത് തീയതികളില്‍ സാങ്കേതിക സര്‍വകലാശാലയുടെയും 10, 11 തീയതികളില്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെയും വിസി നിയമനത്തിനുള്ള അഭിമുഖം നടക്കും. സുപ്രീംകോടതി ഉത്തരവ് പ്രകാരം മൂന്നംഗ പാനല്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിക്കണം. നിയമനത്തിനുള്ള മുന്‍ഗണനാ പട്ടിക മുഖ്യമന്ത്രി നിശ്ചയിക്കും. മുന്‍ഗണനപ്രകാരം നിയമിക്കുവാനുള്ള അധികാരം മാത്രമാണ് ഗവണര്‍ക്കുള്ളത്.
മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണന പട്ടികയില്‍ മാറ്റം വരുത്തുന്നുവെങ്കില്‍ അതിന് വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. അക്കാര്യത്തില്‍ സര്‍ക്കാരിന് പരാതിയുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.