പോലീസുകാരെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍
Monday, October 6, 2025 5:22 AM IST
കൊച്ചി: മട്ടാഞ്ചേരിയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍. മട്ടാഞ്ചേരി ചക്കരയിടുക്ക് സ്വദേശി അന്‍സില്‍ ഷാ (27), ലോബോ ജംഗ്ഷന് സ്വദേശി ഷിനാസ് (28) എന്നിവരെയാണു മട്ടാഞ്ചേരി പോലീസ് പിടികൂടിയത്.
മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി മട്ടാഞ്ചേരി വില്ലേജ് പുതിയ റോഡ് ജംഗ്ഷനില്‍ ഹോട്ടലിന്റെ മുന്വശംനിന്നിരുന്ന കൊച്ചി സിറ്റി നാര്‍കോട്ടിക് സെല്‍ ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരായ എസ്ഐ ജിമ്മി ജോസ്, സിപിഒമാരായ വിനീത്, വി.എസ്. സുനില്‍ എന്നിവരെയാണു പ്രതികള്‍ ആക്രമിച്ചത്.
സ്കൂട്ടറിലെത്തിയ പ്രതികള്‍ പോലീസിനുനേരേ അസഭ്യവാക്കുകള്‍ പറയുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്യുകയുമായിരുന്നു. ഒന്നാംപ്രതി അന്‍സില്‍ ഷാ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തല്‍ അടക്കം ഏഴു കേസിലെ പ്രതിയും രണ്ടാംപ്രതി ഷിനാസ് ഒമ്പതു കേസിലെ പ്രതിയുമാണ്.