അച്ഛനെ വെട്ടിയ യുവാവിനെതിരേ കൊലപാതകശ്രമത്തിനു കേസ്
Monday, October 6, 2025 5:22 AM IST
പുതുക്കാട്: പറപ്പൂക്കര മുത്രത്തിക്കരയിൽ അച്ഛനു വെട്ടേറ്റ സംഭവത്തിൽ മകന്റെ പേരിൽ പുതുക്കാട് പോലീസ് കൊലപാതകശ്രമത്തിനു കേസെടുത്തു. മുത്രത്തിക്കര ശിവക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന മേക്കാടൻവീട്ടിൽ വിഷ്ണു(34)വിനെതിരേയാണു കേസെടുത്തത്. കഴുത്തിനും തലയിലും വെട്ടേറ്റ അച്ഛൻ ശിവൻ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
40 ദിവസത്തോളമായി വീട്ടിൽ തനിച്ചുതാമസിച്ച് ആഭിചാരക്രിയകൾ നടത്തിവന്ന വിഷ്ണുവിനെ പോലീസ് തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പരിശോധന നടത്തി. എന്നാൽ ഇയാൾക്ക് മാനസികപ്രശ്നങ്ങൾ ഒന്നുമില്ലെന്നാണു റിപ്പോർട്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കാൻ വീട്ടിൽനിന്നു ചില രേഖകൾ എടുക്കാൻ എത്തിയതായിരുന്നു ശിവൻ. ഭാര്യ ലതികയും ഒരു ബന്ധുവും കൂടെയുണ്ടായിരുന്നു. ഇവരെ വീടിനുള്ളിലേക്കു കടക്കാൻ അനുവദിക്കാതിരുന്ന വിഷ്ണു ശിവനുമായി വഴക്കുണ്ടായി. ഇതിനിടെ വിഷ്ണു വടിവാളുകൊണ്ട് അച്ഛനെ വെട്ടുകയായിരുന്നു. അമ്മയെയും വെട്ടാൻ ശ്രമിച്ചെങ്കിലും അവർ ഓടിരക്ഷപ്പെട്ടു.
സംഭവശേഷം കത്തിയുമായി വീടിന്റെ മച്ചിൽ ഇരിപ്പുറപ്പിച്ച വിഷ്ണുവിനെ അഞ്ചു മണിക്കൂർ നേരത്തെ പരിശ്രമത്തിനുശേഷമാണു പോലീസ് അനുനയിപ്പിച്ച് കസ്റ്റഡിയിലെടുത്തത്.